news

1. വരുന്ന 24 മണിക്കൂറുകള്‍ നിര്‍ണ്ണായകമെന്ന് രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകരോട് ഭയപ്പെടേണ്ടതില്ലെന്നും എക്സിറ്റ് പോളുകള്‍ കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും രാഹുല്‍. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആഹ്വാനം. അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്. ജാഗ്രത പാലിക്കുക. നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്സിറ്റ്‌പോളുകളില്‍ നിരാശരാകരുത് എന്നും ആത്മ വിശ്വാസവും കോണ്‍ഗ്രസിനോടുള്ള വിശ്വാസവും തുടരാനും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
2. ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെയാണ് നടക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ്‌പോള്‍ ഫലങ്ങള്‍ എല്ലാം എന്‍.ഡി.എ സര്‍ക്കാരിന്റെ തുടര്‍ ഭരണമാണ് പ്രവചിച്ചത്. അതേസമയം എക്സിറ്റ്‌പോളുകള്‍ എല്ലാം ശരിയാകണം എന്നില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം. വ്യാജ പ്രചരണങ്ങളില്‍ വീണു പോകരുത് എന്നും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ജാഗ്രതയോടെ കാവല്‍ നില്‍ക്കണം എന്നും പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
3. തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കൂട്ടിയും കിഴിച്ചും മുന്നണികള്‍. 2004ലെ 18 സീറ്റെന്ന വന്‍ വിജയം ആവര്‍ത്തിക്കും എന്ന് ഇടതു മുന്നണി. എക്സിറ്റ് പോള്‍ ഫലം നല്‍കുന്ന പ്രതീക്ഷയില്‍ യുഡിഎഫ്. ഒന്നിലധികം സീറ്റില്‍ വിജയം ഉണ്ടാകും എന്ന കണക്കുകൂട്ടലില്‍ ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് എല്ലാം ഒരു പോലെ നിര്‍ണായകം ആണ്. പരാജയങ്ങള്‍ പലരുടേയും രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കാം.
4. 2004 ആവര്‍ത്തിച്ചില്ല എങ്കിലും കഴിഞ്ഞ തവണത്തെ 8 സീറ്റില്‍ നിന്ന് പിന്നോട്ട് പോയാല്‍ സി.പി.എം സി.പി.ഐ നേതൃത്വങ്ങള്‍ പാര്‍ട്ടി ഫോറങ്ങളില്‍ ഉത്തരം പറയേണ്ടിവരും. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യമായി മുന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പരാജയം സംഭവിച്ചാല്‍ ഇതുവരെ പാര്‍ട്ടിയില്‍ എതിര്‍സ്വരം ഉയരാത്ത പിണറായിക്ക് എതിരെ വിരലുകള്‍ നീണ്ടേക്കും. ശബരിമലയില്‍ അടക്കം എടുത്ത കര്‍ക്കശ നിലപാടിന് സമാധാനവും പറയേണ്ടിവരും. ഫലം തിരിച്ചാണെങ്കില്‍ പിണാറായി വിജയന്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടത് നേതാവാകും.


5. ഇത്തവണ കോണ്‍ഗ്രസിനും യു.ഡി.എഫിനും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം അടക്കം അനുകൂല ഘടകങ്ങള്‍ ഏറെയാണ്. കഴിഞ്ഞ തവണത്തെ 12ല്‍ നിന്ന് 15ന് മുകളിലേക്ക് സീറ്റുകള്‍ ഉയരണം എന്നാണ് എ.ഐ.സി.സിയുടെ പ്രതീക്ഷ. മറിച്ചായാല്‍ പാര്‍ട്ടിയെ നയിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അത് ക്ഷീണമാകും.ലോകസഭാ തിരഞ്ഞെടുപ്പിനെ സുവര്‍ണ്ണ അവസരമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ആണ് കേരളത്തിലെ നേതാക്കളില്‍ ഫലം ഏറ്റവും നിര്‍ണ്ണായകം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയവും മറ്റിടങ്ങളില്‍ ശ്രദ്ധേയ മുന്നേറ്റവും ഉണ്ടായാല്‍ പാര്‍ട്ടിയിലെ എതിര്‍ സ്വരങ്ങളെല്ലാം നിഷ്പ്രഭമാകും. വി മുരളീധര പക്ഷം ശ്രീധരന്‍പിള്ളയെ മാറ്റണമെന്ന് പരസ്യനിലപാട് വരെ എടുത്തേക്കാം
6. സുരേഷ് കല്ലട ബസില്‍ യാത്രക്കാര്‍ ആക്രമണത്തിന് ഇരയായത് ക്രൂരമായ സംഭവം ആണെന്ന് ഹൈക്കോടതി. കേസിലെ പ്രതികളായ ഏഴ് ബസ് ജീവനക്കാര്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌കോടതി വിധിയെ ചോദ്യം ചെയ്ത് പൊലീസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് ഹൈക്കോടതി നിരീക്ഷണം. പ്രതികള്‍ക്ക് നോട്ടീസ് അയച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി
7. സുപ്രീംകോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിച്ചു. ബോംബെ ഹൈക്കോടതി ജഡ്ജി ബി.ആര്‍ ഗവായ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റസ് സൂര്യകാന്ത്, ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരെ ആണ് സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ ആണ് രാഷ്ട്രപതി നിയമന ഉത്തരവ് ഇറക്കിയത്
8. എറണാകുളം മരട് മുന്‍സിപാലിറ്റിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റാനുള്ള സമയ പരിധി നീട്ടി നല്‍കില്ലെന്ന് സുപ്രീംകോടതി. ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാം എന്നും കോടതി നിരീക്ഷിച്ചു. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റ് സംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലം ആയെന്നും സുപ്രീംകോടതി വിലയിരുത്തി
9. പ്രതിപക്ഷത്തിന് പരാജയ ഭീതി ആണെന്നും വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതി പറയുന്നത് ജനങ്ങളില്‍ വിശ്വാസം ഇല്ലാത്തതിനാല്‍ എന്നും ബി.ജെ.പി. ഇ.വി.എമ്മില്‍ കൂടി വോട്ടെടുപ്പ് നടത്തി വിവിധ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച സി.പി.എം, തൃണമൂല്‍, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ പരാതിയുമായി രംഗത്ത് എത്തിയത് പരാജയം മുന്നില്‍ കണ്ട്. ഇ.വി.എം ഉപയോഗിച്ച് നടത്തിയ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത പരാതികളാണ് ഇപ്പോള്‍ ഉയരുന്നത് എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു
10. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണ കാലത്ത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഓഹരി വിപണിയില്‍ വന്‍ നേട്ടം. ഓഹരി വിപണിയിലെ മൂലധന കണക്കില്‍ വന്‍ മുന്നേറ്റമാണ് റിലയന്‍സ് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നടത്തിയത്. 4.84 ലക്ഷം കോടി ആയാണ് മൂലധനം വര്‍ധിച്ചത്
11. സ്വര്‍ണ്ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ച ഇത് രണ്ടാം തവണ ആണ് സ്വര്‍ണ്ണവില കുറയുന്നത്. തിങ്കളാഴ്ച പവന് 160 രൂപ താഴ്ന്നിരുന്നു. പവന് 23,560 രൂപയാണ് ഇന്നത്തെ വില.