theft

പാരീസ്/ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പാരീസിലെ ഓഫീസിൽ അതിക്രമിച്ചുകടക്കാൻ ശ്രമം നടന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അതേസമയം ഓഫീസിൽ നിന്ന് യാതൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി. റാഫേൽ വിമാന ഇടപാടിന്റെ ഭാഗമായാണ് വ്യോമസേന പാരീസിൽ ഓഫീസ് തുറന്നത്. റാഫേൽ വിമാനനിർമ്മാതാക്കളായ ദസോൾട്ട് തന്നെയാണ് അതിക്രമിച്ചുകടക്കാനുള്ള ശ്രമം നടന്നതായി സ്ഥിരീകരിച്ചത്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ചാരപ്രവൃത്തിയാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പാരീസിലെ സെന്റ് ക്ലൗഡ് എന്ന സ്ഥലത്ത് ദസോൾട്ട് ഏവിയേഷന്റെ ഓഫീസ് ബ്ലോക്കിന് സമീപമാണ്

വ്യോമസേനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. അതേസമയം, ആക്രമണം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയമോ ഇന്ത്യൻ വ്യോമസേനയോ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോ പ്രതികരിച്ചിട്ടില്ല.

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള റാഫേലിന്റെ 36 യുദ്ധവിമാനങ്ങളാണ് ഫ്രഞ്ച് വിമാനനിർമ്മാണക്കമ്പനിയായ ദസോൾട്ടിൽ നിന്ന് വ്യോമസേന നിർമിച്ച് വാങ്ങുന്നത്. വ്യോമസേനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിമാനത്തിൽ മാറ്റങ്ങൾ വരുത്തും. ഇതിന്റെ ഭാഗമായ നടപടികൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ട് മാനേജ്മെന്റ് സംഘമാണ് വ്യോമസേനയുടെ ഭാഗമായി പാരീസിലുള്ളത്. ഗ്രൂപ്പ് ക്യാപ്ടൻ റാങ്കിലുള്ള വ്യോമസേന ഉദ്യോഗസ്ഥന്റെ കീഴിലാണ് സംഘത്തിന്റെ ഇവിടത്തെ പ്രവർത്തനം.