rahul-priyanka-

എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കും മുമ്പേ കോൺഗ്രസ് പരാജയം സമ്മതിക്കുകയായിരുന്നോ? പ്രധാനമന്ത്രിപദത്തിന് കടുംപിടിത്തമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയത് പ്രവചനങ്ങൾക്കെല്ലാം മുമ്പേയാണ്. എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ നിരാശരാകരുതെന്ന് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തകരോടു പറഞ്ഞത് വോട്ടെണ്ണലിനു തലേന്നും!

പോളിംഗിന്റെ അവസാനഘട്ടം വരെയും പ്രചാരണരംഗത്ത് വിശ്രമമില്ലാതെ ഓടിനടന്ന രാഹുലും പ്രിയങ്കയും അതിനു ശേഷം ഡൽഹി നമ്പർ ടെൻ ജൻപഥിലെ വീട്ടിൽ ഒരുമിച്ചിരുന്നു കൂട്ടിയ കണക്കുകളിൽ തെളിഞ്ഞത് പരാജയ സാദ്ധ്യതയായിരുന്നോ? എങ്കിൽ, പാർട്ടി അദ്ധ്യക്ഷന്റെയും ജനറൽ സെക്രട്ടറിയുടെയും ചുമലിൽ ഇനിയൊരു മഹാഭാരമുണ്ട്: തിരഞ്ഞെടുപ്പുഫലം രാജ്യമെമ്പാടും പ്രവർത്തകരിൽ ഏല്‌പിക്കാവുന്ന വൈകാരികപ്രഹരത്തിന്റെ കൊടുംനിരാശയിൽ നിന്ന് അവരെ വീണ്ടെടുക്കുക!

എവിടെയാണ് പിഴച്ചത്? രാജ്യമെമ്പാടും പ്രചാരണരംഗം ഇളക്കിമറിക്കാൻ അനുജത്തിക്കും ജ്യേഷ്‌ഠനും കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയെപ്പോലെ സാധാരണ ജനങ്ങളെ ഇളക്കിമറിക്കാൻ പോന്ന കാന്തശക്തിയുള്ള നേതാവാണ് പ്രിയങ്കയെന്ന് ഈ പ്രചാരണകാലം തെളിയിച്ചിട്ടുണ്ട്. അഞ്ചു വർഷം ഭരണത്തിൽ ഇല്ലാതിരുന്നതിന്റെ ആനുകൂല്യം പ്രചാരണത്തിൽ പാർട്ടിക്കുണ്ടായിരുന്നു. മോദിയെയും ബി.ജെ.പിയെയും ആക്രമിച്ചു ശരിപ്പെടുത്താൻ പോന്നത്ര വിഷയങ്ങൾ ലൈവ് ആയി ഉണ്ടായിരുന്നു. എന്നിട്ടും എവിടെയാണ് പിഴച്ചുപോയത്?

കെമിസ്‌ട്രിയും മാത്തമറ്റിക്‌സും

രാഹുലിന്റെയും പ്രിയങ്കയുടെയും രാഷ്‌ട്രീയശേഷി താരതമ്യം ചെയ്‌ത് കഴിഞ്ഞ ദിവസം ഒരു പ്രസ്‌താവന നടത്തിയത്, പാർട്ടിയുടെ അന്താരാഷ്‌ട്ര വിഭാഗം അദ്ധ്യക്ഷനും ടെലികോം ബുദ്ധിരാക്ഷസനുമായ സാം പിട്രോഡയാണ്. അദ്ദേഹത്തിന്റെ കണ്ടെത്തൽ ഇങ്ങനെ: തന്ത്രങ്ങൾ മെനയാൻ മിടുക്കനാണ് രാഹുൽ. പ്രിയങ്കയാകട്ടെ, ആ തന്ത്രങ്ങൾ നടപ്പാക്കുന്നതിൽ മിടുക്കിയും. വല്ലാത്തൊരു മാനസിക രസതന്ത്രമുണ്ട്, അവർ തമ്മിൽ!

പക്ഷേ, പ്രചാരണത്തിൽ കണ്ട ആ രസതന്ത്രം തിരഞ്ഞെടുപ്പു ഫലം പുറത്തുവിടുന്ന കണക്കിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറഞ്ഞത്. ഇന്ന്, യഥാർത്ഥ ഫലം പുറത്തുവരുന്നതോടെ പ്രവചനങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും നിരാശരാകരുതെന്ന് പ്രർത്തകരെ ആഹ്വാനം ചെയ്‌ത രാഹുലിന്റെ സ്വരത്തിൽ പരാജയഭീതിയുടെ നിഴലുണ്ട്. ഊഹാപോഹങ്ങളിൽ നിരുത്സാഹപ്പെടരുത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പിഴച്ചുപോയത് ജ്യേഷ്‌ഠന്റെ തന്ത്രങ്ങളോ അതോ അനുജത്തിയുടെ നിർവഹണപാടവമോ?

പഠിക്കാൻ ഒരുപാടുണ്ട്

ഒന്നുണ്ട്- മോദിയോളം തന്ത്രജ്ഞത പഠിക്കാൻ രാഹുലിനും അമിത് ഷായോളം നിർവഹണപാടവം പ്രയോഗിക്കാൻ പ്രിയങ്കാ ഗാന്ധിയും ഇനിയൊരുപാടു കാലം ഇന്ത്യയുടെ രാഷ്‌ട്രീയ പാഠശാലയിൽ ഉറക്കമിളച്ചിരുന്നു പഠിക്കേണ്ടിവരും. പ്രചാരണകാലത്ത് കത്തിക്കയറിവരുമെന്ന് മുൻകൂട്ടി അറിയാവുന്ന ബി.ജെ.പി വിരുദ്ധ വിഷയങ്ങളിലേക്കെല്ലാമുള്ള വാതിലടച്ച മോദി, തന്നെത്തന്നെ ശ്രദ്ധാകേന്ദ്രമാക്കി നിറുത്തുന്ന തന്ത്രം അവസാനം വരെ വിജയകരമായി പയറ്റി. ബാലാകോട്ട് ഭീകരാക്രമണം തന്റെ സ്വകാര്യവിജയമാണെന്ന മട്ടിലുള്ള പരസ്യപ്രസംഗങ്ങൾ, ചൗക്കിദാർ പ്രയോഗം, രാജീവ് ഗാന്ധി അഴിമതിക്കാരെന്ന ആക്ഷേപം.... ഏറ്റവും ഒടുവിൽ പുറത്തെടുത്ത ഇരുപത്തിനാലു മണിക്കൂർ കേദാർനാഥ് ഗുഹാവാസം വരെ മോദിയുടെ തിരക്കഥയായിരുന്നു. എന്തിന്, പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിക്കാൻ മോശം കാലാവസ്ഥ തിരഞ്ഞെടുത്തത് തന്റെ നിർദ്ദേശപ്രകാരമാണെന്ന അവകാശവാദവും, ഇന്റർനെറ്റ് പ്രചാരത്തിലാകും മുമ്പേ താൻ ഇ- മെയിൽ അയച്ചെന്ന വെളിപ്പെടുത്തലും വരെ സ്വയം പരിഹാസപാത്രമാകുമെന്ന് ഉറപ്പുണ്ടായിരുന്ന പരാമർശങ്ങൾ പോലും പുറത്തുവിട്ട് നരേന്ദ്രമോദി അന്തിമയുദ്ധം പയറ്റി. ആ കെണിയിൽ പ്രതിപക്ഷം വീണു. മോദിക്ക് മറുപടി പറഞ്ഞും വെല്ലുവിളിച്ചും വിമർശിച്ചും പരിഹസിച്ചും രാഹുലും പ്രിയങ്കയും സ്വയം ക്ഷീണിതരായി. ജി.എസ്.ടി ദുരിതവും കർഷക ആത്മഹത്യകളും തൊഴിലില്ലായ്‌മയും റഫാലും വരെ മോദി ഊതിപ്പെരുക്കിയ പുകമറയ്‌ക്കുള്ളിൽ മറഞ്ഞു! മോദിയെന്നും അമിത് ഷായെന്നും പേരുള്ള ഇരട്ടപെറ്റ ചാണക്യന്മാരുടെ രാഷ്‌ട്രീയതന്ത്രമാണ് അതെന്നു പറഞ്ഞുകൊടുക്കാൻ അപ്പോൾ ഒരു പിട്രോഡയും ഉണ്ടായില്ല.

ഒരു വരവുകൂടി വരേണ്ടിവരും

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് രാജ്യമാകെ റാലികളും യോഗങ്ങളും സംഘടിപ്പിച്ച് പ്രവർത്തകരെ ഊർജ്ജസ്വലരാക്കിയ രാഹുലിനും പ്രിയങ്കയ്‌ക്കും ഇനി അവരെ പുനരുജ്ജീവിപ്പിക്കാൻ ഒരു വരവു കൂടി വരേണ്ടിവരും. അല്ലെങ്കിൽ, പരാജയം സ്വീകരിച്ച് പാർട്ടി അദ്ധ്യക്ഷനും ജനറൽ സെക്രട്ടറിയും ഡൽഹിയിലൊതുങ്ങിയെന്ന് ആക്ഷേപം കേൾക്കേണ്ടിവരും. തിരഞ്ഞെടുപ്പുകൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ലല്ലോ. ഇപ്പോൾ എ.ഐ.സി.സിയിലെ ചില മുതിർന്ന ശിരസ്സുകൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കിയത് 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും, പിന്നെയും രണ്ടു വർഷം കഴിഞ്ഞ് വരാനിരിക്കുന്ന പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ്! ദീർഘവീക്ഷണം വളരെ നല്ലത്.

ഈ തിരഞ്ഞെടുപ്പു കാലത്ത് ദിനപത്രങ്ങളുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച കുടുംബചിത്രം ഏതെന്ന ചോദ്യത്തിന് ഒരു മറുപടിയേയുള്ളൂ- പ്രചാരണത്തിന്റെ തിരക്കുകൾക്കിടെ രാഹുലും പ്രിയങ്കയും കാൺപൂർ വിമാനത്താവളത്തിൽ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ വൈകാരിക നിമിഷം. അത്രമേൽ അടുപ്പമുണ്ട്, ഇരുവരും തമ്മിൽ. പക്ഷേ, കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ തക്ക കരുത്ത് പാർട്ടിക്കു നൽകാനും ശേഷിയുള്ള നേതാവാണോ രാഹുൽ ഗാന്ധി എന്ന ചോദ്യം സ്വാഭാവികമായും ഇനിയുള്ള ദിവസങ്ങളിൽ ഉയരും.

മുതിർന്ന കോൺഗ്രസ് നേതാവും ഐ.എ.എഫ് കടുവയും മുൻ വിദേശകാര്യ മന്ത്രിയും ഒക്കെയായിരുന്ന നട്‌വർ സിംഗിനോട് കുറച്ചുനാൾ മുമ്പ് ഒരു മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചു: പ്രിയങ്കാ ഗാന്ധി രാഷ്‌ട്രീയത്തിലിറങ്ങിയല്ലോ?

നട‌്‌വർ സിംഗിന്റെ മറുപടിച്ചോദ്യം: ഇനി രാഹുലിന് എന്തു സംഭവിക്കും?