ന്യൂഡൽഹി: കാത്തിരിപ്പിന് വിരാമമിട്ട് ഹ്യൂണ്ടായിയുടെ കോംപാക്‌റ്റ് എസ്.യു.വിയായ വെന്യൂ വിപണിയിലെത്തി. 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എൻജിൻ പതിപ്പുകളുള്ള വെന്യൂവിന് 6.50 ലക്ഷം മുതൽ 11.10 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില. പെട്രോളിൽ എട്ടും ഡീസലിൽ അഞ്ചും വേരിയന്റുകളുള്ള വെന്യൂ ആകർഷകമായ ഏഴ് നിറങ്ങളിൽ ലഭിക്കും.
മാനുവലിന് പുറമേ പെട്രോളിൽ 7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ട്രാൻസ്‌മിഷനും വാഗ്‌ദാനം ചെയ്യുന്ന വെന്യൂവിന്റെ പതിപ്പുകൾ ലിറ്ററിന് 17.52 കിലോമീറ്റർ മുതൽ 23.70 കിലോമീറ്റർ വരെ മൈലേജും അവകാശപ്പെടുന്നു. ഗ്ളോബൽ ബ്ളൂ ലിങ്ക് ടെക്‌നോളജിയാണ് വെന്യൂവിന്റെ പ്രധാന സവിശേഷത. റിമോട്ട് അധിഷ്‌ഠിത സ്‌റ്റാർട്ട് - സ്‌റ്രോപ്പ്, ക്ലൈമറ്ര് കൺട്രോൾ, ഡോർ ലോക്ക്-അൺലോക്ക് തുടങ്ങി 33ഓളം ഫീച്ചറുകൾ അടങ്ങിയതാണ് ഈ സാങ്കേതികവിദ്യ.
വയർലെസ്, ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ആറ് എയർ ബാഗുകൾ, ഇ.എസ്.പി., ഹിൽ അസിസ്‌റ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, സൺറൂഫ്, പാർക്കിംഗ് കാമറ തുടങ്ങിയ മികവുകളും അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന വെന്യൂവിനുണ്ട്. യുവാക്കളെ ആകർഷിക്കുന്ന മനോഹരമായ രൂപകല്‌പനയും പ്രത്യേകതയാണ്.