ഡെറാഡൂൺ (ഉത്തരാഖണ്ഡ്) : ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറിയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. വോട്ടിംഗ് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ഒരറിവുമില്ലെന്ന് ഉത്തരഖാണ്ഡ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്‍പ്രഭാത് ആരോപിച്ചു.
ഇ.വി.എമ്മിന്റെ പ്രാഥമിക ഘട്ടത്തിലെ പരിശോധനകൾ നടത്തിയത് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയോ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെയോ ജീവനക്കാർ അല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ആളുകളാണെന്ന് പരിശോധന നടത്തിയതെന്ന് നവ്‍പ്രഭാത് പറയുന്നു. ഇവരെ സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എം മെഷീനുകളുമായി ബന്ധപ്പെട്ട പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷനാണ് പൂർണ ഉത്തരാവാദിത്തമെന്നും നവ്‍പ്രഭാത് പറഞ്ഞു.