election-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസമായ നാളെ വ്യാപകമായി അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ക്രമസമാധാന നില തകരാറിലാവാതിരിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു.

വോട്ടെടുപ്പ് ദിനങ്ങളിലും ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ബംഗാളിൽ നടന്ന സംഘർഷത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിക്ക് നേരെയും ഇവിടെ ആക്രമണം നടന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലായം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന നഗരങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കാസർകോട്ട് സംഘർഷ സാദ്ധ്യത പരിഗണിച്ച് കല്യോട്ടും, പെരിയയിലും ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകിട്ട് വെള്ളിയാഴ്ച വൈകിട്ട് എട്ടുവരെയാണ് നിരോധനാജ്ഞ. കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാകുക.