ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കർഷകരെ വഞ്ചിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകർക്ക് 6000 രൂപ അക്കൗണ്ടിൽ ഇട്ടുനൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിന് വേണ്ടി 750000 കോടി രൂപ മാറ്റി വച്ചതായും അറിയിച്ചിരുന്നു. മൂന്ന് തവണയായി കർഷകർക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. അതിൽ ആദ്യ ഗഡുവായി 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തിച്ചതായും കാർഷിക മന്ത്രാലയം അറിയിച്ചു.
എന്നാൽ കേന്ദ്രത്തിന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്നാണ് ഇപ്പോൾ കർഷകർ പറയുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം പണം പിൻവലിക്കാൻ എത്തിയ കർഷകരാണ് തങ്ങളെ കേന്ദ്രസർക്കാർ ചതിച്ച കാര്യം മനസിലാക്കുന്നത്. തങ്ങളുടെ ബാങ്കിൽ നിക്ഷേപിച്ച തുക പിൻവലിച്ചതായും അവർ മനസിലാക്കി. കർഷകരുടെ അക്കൗണ്ടിൽ പണമില്ലെന്ന് ബാങ്ക് മാനേജർ കർഷക യൂണിയനെ അറിയിക്കുകയായിരുന്നു.
രണ്ട് മാസം മുമ്പ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായി ഫോണിൽ സന്ദേശം വന്നതായും എന്നാൽ ബാങ്കിൽ എത്തി പരിശോദിച്ചപ്പോൾ പണം എത്തിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ഫിറോസാബാദിലെ നിരോദം സിങ് എന്ന കർഷകൻ പറയുന്നു. ഇതുവരെ പണം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. കർഷകർക്ക് വേണ്ടിയുള്ള ഈ പദ്ധതി ബി.ജെ.പി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. രണ്ട് ഹെക്ടറിൽ കുറഞ്ഞ ഭൂമിയുള്ള കർഷകരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.