പരവൂർ : ഒരു മാസം മുമ്പ് യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കലയ്ക്കോട് ഞാറോട് സ്വദേശി വരമ്പിട്ടുവിളയിൽ ഗോപാലന്റെ മകൻ അശോകനാണ് (35) പരവൂർ മേൽപ്പാലത്തിനു താഴെ ട്രെയിൻ തട്ടി മരിച്ചത്. സുഹൃത്തായ കലയ്ക്കോട് ഞാറോട് സ്വദേശി വരമ്പിട്ടുവിളയിൽ മണികണ്ഠനാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്ത് സഹദേവനും രാവിലെ മുതൽ മദ്യപാനം തുടങ്ങി. വൈകിട്ട് വാങ്ങിയ മദ്യം മഞ്ചാടിമൂട് കായൽ വാരത്ത് ആൾപാർപ്പില്ലാത്ത വീടിനു സമീപം വച്ച് കുടിക്കാൻ തുടങ്ങി.ഇടയ്ക്ക് മണികണ്ഠനും സഹദേവനും കൂടി അച്ചാർ വാങ്ങാൻ പോയി. ഈ സമയം അശോകൻ മദ്യവുമായി സ്ഥലംവിട്ടു. തിരിച്ചെത്തിയപ്പോൾ അശോകനെ കാണാത്തതിനാൽ സഹദേവൻ വീട്ടിലേക്കു മടങ്ങി. എന്നാൽ, അശോകൻ റെയിൽവേ ട്രാക്കിലൂടെ പോകുന്നത് കണ്ടെന്ന് മണികണ്ഠനോട് മറ്റൊരു സുഹൃത്ത് പറഞ്ഞു. പിന്നാലെ പോയ മണികണ്ഠൻ അശോകനെ റെയിൽവേ മേൽപ്പാലത്തിനു താഴെവച്ചു കണ്ടുമുട്ടി. ഇരുവരും തമ്മിൽ ഉന്തുംതള്ളുമായി. ഈ സമയം വന്ന ട്രെയിനിനടിയിലേക്ക് വീണ് അശോകൻ മരിക്കുകയായിരുന്നു.
പരിഭ്രാന്തിയിലായ മണികണ്ഠൻ ഓടി രക്ഷപ്പെട്ടു. വിവരങ്ങൾ സുഹൃത്തായ ഷിബുവിനോട് പറഞ്ഞു. ഷിബുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്. അശോകന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ സി.ഐ അജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എൻ.കെ. പ്രശാന്ത്, ബിപിൻപ്രകാശ്, മധു, സതീശൻ, അനിൽകുമാർ, എ.എസ്.ഐ രാജു, സി.പി.ഒമാരായ ഷാഫി, ബിജു, ലിജു എന്നിവരാണ് കേസ് അന്വേഷിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.