election-

വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. തപാൽ വോട്ടുകളും ഇ.വി.എമ്മുകളിലെ വോട്ടുകളും ഒരേസമയം എണ്ണിതുടങ്ങും. ഒപ്പം, ഇ.ടി.പി.ബി.എസ് വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്‌കാനിംഗ് ആരംഭിക്കും. ഇന്നു രാവിലെ എട്ടു വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും സ്വീകരിക്കും.


കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർമാർ, ഇലക്‌ഷൻ കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, ഒബ്സർവർമാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി/ഇലക്ഷൻ ഏജന്റ്/ കൗണ്ടിംഗ് ഏജന്റ് എന്നിവർക്കു മാത്രമാണ് വോട്ടെണ്ണൽ ഹാളുകളിൽ പ്രവേശനം.


പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. പോസ്റ്റർ ബാലറ്റുകൾ എണ്ണാൻ നാല് ടേബിളുകൾ. കൂടുതൽ പോസ്റ്റൽ ബാലറ്റുകളുള്ള സ്ഥലങ്ങളിൽ കമ്മിഷന്റെ അനുവാദത്തോടെ കൂടുതൽ ടേബിളുകൾ ഒരുക്കും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന ടേബിളുകളിൽ സ്ഥാനാർത്ഥികൾക്ക് ഒരു ടേബിളിൽ ഒരു ഏജന്റ് എന്ന കണക്കിൽ ഏർപ്പെടുത്താം.


ആകെ ലഭിച്ച പോസ്റ്റൽ ബാലറ്റുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർത്ഥിയുടെ മാർജിൻ എങ്കിൽ പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണി ഉറപ്പാക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്യും.


ഒരു റൗണ്ടിലെ എല്ലാ ഇ.വി.എമ്മുകളും എണ്ണി നടപടിക്രമങ്ങൾ പൂർത്തിയാക്കി ആ റൗണ്ടിലെ ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ ഇ.വി.എമ്മുകൾ എണ്ണിത്തുടങ്ങൂ. ഓരോ കൺട്രോൾ യൂണിറ്റിലെയും സീലുകൾ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവയിലെ വോട്ടെണ്ണൽ തുടങ്ങുക.


ഓരോ റൗണ്ടും തീർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ റാൻഡമായി തിരഞ്ഞെടുക്കുന്ന രണ്ട് ഇ.വി.എമ്മുകൾ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലെ എല്ലാ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തും. വോട്ടിംഗ്‌ മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷമായിരിക്കും വിവിപാറ്റുകളിലെ പേപ്പർ സ്ലിപ്പുകൾ എണ്ണാൻ തുടങ്ങുക.


വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് നാല് സാഹചര്യങ്ങളിലാണ്. 1) കൺട്രോൾ യൂണിറ്റിലെ ഡിസ്‌പ്ലേ പ്രവർത്തിക്കുന്നില്ലെങ്കിൽ, 2) വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ കമ്മിഷൻ ഉത്തരവായ പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ, 3) 1961ലെ ഇലക്‌ഷൻ നടത്തിപ്പു ചട്ടങ്ങളിലെ ചട്ടം 56 (ഡി) പ്രകാരം സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ കൗണ്ടിംഗ് ഏജന്റോ ആവശ്യപ്പെടുന്ന ബൂത്തുകളിൽ എല്ലാ വസ്തുതകളും പരിശോധിച്ച് റിട്ടേണിംഗ് ഓഫീസർക്ക് ബോധ്യമുള്ള സാഹചര്യങ്ങളിൽ, 4) ലോക്‌സഭാ മണ്ഡലത്തിലെ ഓരോ അസംബ്ലി മണ്ഡലത്തിലെയും നറുക്കിട്ടെടുക്കുന്ന അഞ്ചു ബൂത്തുകളിൽ


1961ലെ ഇലക്‌ഷൻ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56 ഡി (4 ബി) പ്രകാരം വോട്ടിംഗ് മെഷീനിലെ ഫലവും വിവിപാറ്റ് പേപ്പർ സ്ലിപ്പ് എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റ് പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമം.


ഔദ്യോഗിക വീഡിയോ കാമറ മാത്രമേ കൗണ്ടിംഗ് ഹാളിൽ സജ്ജീകരിക്കാൻ അനുമതിയുള്ളൂ. മാധ്യമപ്രവർത്തകർ കൗണ്ടിംഗ് ഹാളിൽ കാമറാ സ്റ്റാൻഡ് കൊണ്ടുപോകാൻ പാടില്ല. സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ, റിട്ടേണിംഗ് ഓഫീസർ/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ പാടില്ല.