ന്യൂഡൽഹി: പ്രമുഖ കോളർ ഐഡന്റിറ്റി ആപ്പായ ട്രൂകോളറിൽ നിന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നുവെന്ന് ആശങ്ക. ചോർന്ന വിവരങ്ങളുടെ വില്‌പന ഒന്നരലക്ഷം രൂപയ്ക്ക് ഇന്റർനെറ്റിൽ നടക്കുന്നതായി ദേശീയ മാദ്ധ്യമമായ എക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്‌തത്. ഉപഭോക്താക്കളുടെ പേര്, യൂസർ നെയിം, മൊബൈൽ നമ്പർ, ഇ-മെയിൽ, താമസസ്ഥലം, മൊബൈൽ സേവന ദാതാവിന്റെ വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നതെന്ന് റിപ്പോർട്ടിലുണ്ട്. മറ്റുചില രാജ്യങ്ങളിലെ ഉപഭോക്തൃ വിവരങ്ങൾ വില്‌ക്കുന്നത് 19 ലക്ഷം രൂപയ്‌ക്കു വരെയാണ്.
ട്രൂകോളറിന് പത്തുകോടി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ആഗോള ഉപഭോക്താക്കളുടെ 60 ശതമാനത്തോളവും ഇന്ത്യയിലാണ്. ഉപഭോക്താവിന്റെ വിവരങ്ങൾ വ്യക്തമാക്കുന്ന ആപ്പ്, പണമിടപാടിനുള്ള യു.പി.ഐ സേവനവും നൽകുന്നുണ്ട്. അതേസമയം, വിവരങ്ങൾ ചോർന്നുവെന്ന വാർത്ത നിഷേധിച്ച ട്രൂകോളർ, ചില ഉപഭോക്താക്കൾ അനധികൃതമായി ഉപഭോക്തൃ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്നും കമ്പനി അധികൃതർ പറഞ്ഞു. സ്വീഡനിലെ ട്രൂ സോഫ്‌റ്റ്‌വെയർ സ്‌കാൻഡിനേവിയ കമ്പനിയാണ് ട്രൂ കോളർ ആപ്പ് വികസിപ്പിച്ചത്. സാധാരണ ഉപഭോക്താക്കൾക്ക് നിശ്‌ചിത സെർച്ചുകൾ മാത്രമേ ആപ്പിൽ നടത്താനാകൂ. പ്രീമിയം മെമ്പർമാർക്ക് അൺലിമിറ്റഡ് ഓപ്‌ഷൻ ലഭിക്കും.