ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 991.37 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ നഷ്‌ടം 3,102.34 കോടി രൂപയായിരുന്നു. കിട്ടാക്കടം നികത്താനുള്ള നീക്കിയിരിപ്പ് തുകയായ (പ്രൊവിഷൻ) 6,672 കോടി രൂപയിൽ നിന്ന് 5,399 കോടി രൂപയായി കുറഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്‌തി ഡിസംബർ പാദത്തിലെ 11.01 ശതമാനത്തിൽ നിന്ന് 9.61 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 4.26 ശതമാനത്തിൽ നിന്ന് 3.33 ശതമാനത്തിലേക്കും താഴ്‌ന്നതും ബാങ്കിന് നേട്ടമായി.