gujarat

ഗാന്ധിനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടെ ഗുജറാത്തിനെ ഞെ‌ട്ടിച്ച് കൂട്ടത്തോൽവി. പത്താംക്ലാസ് പരീക്ഷയിലാണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ തോറ്റത്. ചൊവ്വാഴ്ച പുറത്തുവന്ന റിസൾട്ട് പ്രകാരം ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർസെക്കൻഡറി ബോർഡ് നടത്തിയ പരീക്ഷയിൽ 63 സ്കൂളുകളിലെ ഒരു വിദ്യാർത്ഥി പോലും വിജയിച്ചില്ല. ആകെ 66. 97 ശതമാനം വിദ്യാർത്ഥികളാണ് പരീക്ഷയിൽ വിജയിച്ചത്. കഴിഞ്ഞ തവണ വിജയശതമാനം 67.5 ആയിരുന്നു.

8,22,823 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 5,51,023 വിദ്യാർത്ഥികൾ മാത്രമാണ് ജയിച്ചതെന്ന് ബോർഡ് ചെയർമാൻ ചെയർമാൻ എ.ജെ.ഷാ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 366 സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ 88.11 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. ഹിന്ദി മീഡിയം സ്കൂളുകളിൽ 72.66 ആണ് വിജയശതമാനം. പെൺകുട്ടികളിൽ 72.64 ശതമാനം പേരും ആൺകുട്ടികളിൽ 62.83 ശതമാനവുമാണ് വിജയിച്ചത്.

അതേസമയം ഗുജറാത്തി മീഡിയം സ്കൂളുകളിൽ 64.58 ശതമാനം പേരാണ് വിജയിച്ചത്. സൂറത്തിൽ 79.63 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു.