kda-pidiyilaya-prathikal

കൊടകര: തൃപ്പൂണിത്തുറ കോടതിയിൽ നിന്നു വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുപോയ എ.ടി.എം മോഷണക്കേസിലെ പ്രതികൾ കൈയിലെ വിലങ്ങ് തന്ത്രപൂർവം ഊരി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെയും പൊലീസിന്റെയും സത്വര ഇടപെടലിൽ ഇവർ ഉടൻ പിടിയിലായി. ബംഗാൾ സ്വദേശികളായ വിക്രം മസ്ബൂൽ (31), സലിം (33), മുഹമ്മദ് ഹാറൂൺ (33) എന്നിവരാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നെറ്റിയിൽ പരിക്കേറ്റ വിക്രം മസ്ബൂലിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ദേശീയപാത കൊടകര മേൽപ്പാലത്തിന് സമീപം തൃശൂരിലേക്കുള്ള ബസ് സ്റ്റോപ്പിൽ ബസ് നിറുത്തിയിട്ട സമയത്തായിരുന്നു സംഭവം. 2017ൽ തൃപ്പൂണിത്തുറയിൽ പാലസ് എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളാണിവർ. മൂന്ന് പൊലീസുകാർ വിലങ്ങുമായാണ് പ്രതികളെ തൃപ്പൂണിത്തുറ കോടതിയിൽ നിന്ന് വിയ്യൂരിലേക്ക് കൊണ്ടുപോയിരുന്നത്. കൈയിലെ വിലങ്ങ് തന്ത്രപൂർവം ഊരിയ പ്രതികൾ പൊലീസിനെ ആക്രമിച്ച് ഇറങ്ങിയോടുകയായിരുന്നു. ഒരു പ്രതി ഹാറൂൺ രക്ഷപ്പെടാൻ ശ്രമിച്ചില്ല. സലീമിനെ ഉടൻ പിടികൂടാനായെങ്കിലും വിക്രം മസ്ബൂലിനെ കണ്ടെത്താൻ വൈകി. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനിടെ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നാണ്‌ മസ്ബൂൽ പിടിയിലായത്. ക്രിമിനൽ കേസിൽ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് അശ്രദ്ധമായി ബസിൽ കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.