trump-and-modi

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ രണ്ടാമൂഴത്തിന് ശ്രമിക്കുന്നതിനിടെ 140 പ്രചാരണ റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇതേ രീതിയിൽ പ്രചാരണം നടത്തിയ മറ്റൊരാളുണ്ട്. മോദിയുമായി ഏറെ സാമ്യമുള്ള ഒരാൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയുടെ അത്രതന്നെ റാലികളാണ് അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്‌ഷനിൽ ട്രംപും നടത്തിയത്.

ഒരു പൊടി നിറഞ്ഞ, ചൂടുപിടിച്ച വൈകുന്നേരത്ത് ഡൽഹിയിലെ രാം ലീല മൈതാനിയിൽ ജനങ്ങൾ തിങ്ങിക്കൂടുകയാണ്. മൈതാനിയിലേക്ക് എത്തുന്ന നീളൻ റോഡിൽ ജനങ്ങളോടൊപ്പം എടുത്തുകാണാവുന്നത് നരേന്ദ്ര മോദിയുടെ പടുകൂറ്റൻ കട്ടൗട്ടുകളാണ്. ഇന്ത്യൻ വിവാഹാഘോഷവേളകളിൽ കാണാറുള്ളത് പോലെയുള്ള ബാൻഡ് സംഘങ്ങളും ബോളിവുഡ് ഗാനങ്ങളുമായി ജനങ്ങളോടൊപ്പം നീങ്ങുന്നുണ്ട്. ഹിന്ദു ദേശീയവാദത്തിൽ ഊന്നിയ പാർട്ടിയായ ബി.ജെ.പിയുടെ ആയിരക്കണക്കിന് അനുകൂലികൾ രാം ലീല മൈതാനിയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൂട്ടത്തിൽ ചിലർ 'മോദി, മോദി' എന്നാർത്ത് വിളിച്ചുകൊണ്ട് കയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.

ബി.ജെ.പിയുടെ ചിഹ്നങ്ങൾ ആലേഖനം ചെയ്ത കൊടികളും കൈ ബാൻഡുകളും കണ്ണടകളും വിൽക്കുന്നവർ എവിടെ നിന്നെന്നില്ലാതെ മുൻപിൽ പ്രത്യക്ഷപ്പെടും. 'നിങ്ങൾക്കീ കുട വേണ്ടേ?'. തന്റെ കയ്യിലുള്ള പച്ചയും ഓറഞ്ചും പാർട്ടി മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് ഒരാൾ എന്നോട് ചോദിക്കുന്നു.

ഈ ആവേശവും ആഘോഷാന്താരീക്ഷവും കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് 2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പാണ്. ആ സമയത്ത് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികളാണ് ഇത്തരത്തിൽ ആടിത്തിമിർത്തതെന്ന് മാത്രം.

ട്രംപിന്റെ അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം 'അമേരിക്കയെ ഒരിക്കൽ കൂടി മഹത്തരമാക്കൂ' എന്ന വാചകത്തെ ചുറ്റിപറ്റി ആയിരുന്നുവെങ്കിൽ ഇവിടെ അത് 'നാമോ ഒരിക്കൽ കൂടി' എന്നാണ്. 'നാമോ' എന്നത് മോദി അനുകൂലികൾ വിളിക്കുന്ന മോദിയുടെ ചുരുക്കപ്പേരാണ്.

'ദേശീയ സുരക്ഷയും പാകിസ്ഥാനുമാണ് ഇത്തവണത്തെ ഇലക്ഷൻ വിഷയങ്ങൾ.' 'നാമോ വീണ്ടും' ടീ ഷർട്ട് ധരിച്ചിരിക്കുന്ന അരുൺ ബൻസാൽ പറയുന്നു. 27 വയസ്സാണ് അരുണിന്.

2016ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജയത്തിലെത്താൻ ട്രംപ് ഏറ്റവും കൂടുതൽ ഉപയോഗിച്ച കാര്യങ്ങളിലൊന്ന് അമേരിക്കയുടെ തെക്കുള്ള അയൽരാജ്യം മെക്സിക്കോയെയാണ്. മെക്‌സിക്കോക്കെതിരായ വാക്കുകൾ കൊണ്ട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തു. ഏറെക്കുറെ അതേ പാതയിൽ തന്നെയായിരുന്നു 2019ൽ മോദിയും. പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ താനാണ് കാര്യക്കാരൻ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ മോദി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

രാം ലീല മൈതാനിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഞാൻ മോദിയുടെ ആദ്യ അപരനെ കണ്ടുമുട്ടി. 'അട്രി' അല്ലെങ്കിൽ 'കുഞ്ഞ് മോദി' എന്നാണ് ഇവനെ വീട്ടുകാരും പരിചയക്കാരും വിളിക്കുക. വെറും ഏഴ് വയസ്സ് മാത്രമേ ഉള്ളു. അട്രി തന്റെ നാലാം വയസ്സ് മുതൽ മോദിയുടെ റാലികളിൽ പങ്കെടുക്കുന്നുണ്ട്.

ഒരു നിമിഷം ഇതേ അളവിൽ ചൂടും ഊഷ്മാവും നിലനിന്ന ഫ്ലോറിഡയിലെ ആ വൈകുന്നേരത്തേക്ക് ഞാൻ തിരിച്ച് പോയി. അന്ന് ട്രംപിന്റെ നിരവധി അപരന്മാരെയാണ് ഞാൻ അവിടെ കണ്ടുമുട്ടിയത്. തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള വിഗ്ഗുകളും ചുവപ്പിച്ച തൊലിയും ചുവന്ന ടൈയുമായാണ് അവരെ കാണാനായത്. എന്നാൽ ഇവിടെ മുഴുവൻ വെള്ള താടിയും കണ്ണടകളുമാണ്.

'എനിക്ക് മോദിയെ ഇഷ്ടമാണ്. കാരണം അദ്ദേഹം നല്ലത് മാത്രം ചെയ്യുന്നു. പാവങ്ങളെയും മറ്റെല്ലാവരേയും അദ്ദേഹം സഹായിക്കുന്നു.' അട്രി പറയുകയാണ്. ഒരു നാൾ മോദിയെ പോലെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകണമെന്നാണ് അട്രിയുടെ സ്വപ്നം.

ഉയർന്ന ശബ്ദത്തിൽ രാജ്യസ്നേഹത്തെ ഉദ്ഘോഷിക്കുന്ന ഗാനങ്ങളാണ് രാം ലീലയിലെ വേദിയിൽ കടന്ന ഞങ്ങളെ എതിരേറ്റത്. സീറ്റുകളിൽ ആളുകൾ വന്നു നിറയുകയാണ്. തങ്ങളുടെ ഇടമാണിതെന്നുള്ള രീതിയിൽ ജനങ്ങളെ ആകർഷിക്കാൻ ഇരു നേതാക്കൾക്കും ഒരു പ്രത്യേക കഴിവാണുള്ളത്.

അടുത്ത കാര്യം വസ്ത്രത്തിന്റേതാണ്.

മോദിയുടെയും ട്രംപിന്റെയും റാലികളിൽ പ്രധാന വസ്ത്രം തൊപ്പികളാണ്. അവിടെ അത് 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ' തൊപ്പികളാണെങ്കിൽ ഇവിടെ അത് 'നാമോ എഗെയിൻ' പതിച്ച തലപ്പാവുകളാണ്. നരേന്ദ്ര മോദി ധരിക്കുന്നത് പോലെയുള്ള വെയിസ്റ്റ് കോട്ടും ധരിച്ചുകൊണ്ടാണ് ഹർമീന്ദർ സിംഗ് ഭാട്ടിയ മൈതാനിയിലേക്ക് എത്തുന്നത്. വെയിലിൽ അദ്ദേഹത്തിന്റെ പോളിസ്റ്റർ കോട്ട് മിന്നി തിളങ്ങുന്നു.

'മോദി പ്രധാനമന്ത്രിയായ ശേഷം ഈ ഭാഗങ്ങളിൽ നടന്ന എല്ലാ റാലികളിലും ഞാൻ വന്നിട്ടുണ്ട്. അദ്ദേഹം കഠിനാധ്വാനിയാണ്, രാജ്യത്തെ കുറിച്ച് ബോധമുള്ളയാളാണ്, കരുത്തനായ നേതാവായാൽ കൊണ്ടാണ് എനിക്ക് അദ്ദേഹത്തെ ഇത്രയ്ക്ക് ഇഷ്ടം.' ഹർമീന്ദർ സിംഗ് ആവേശം അടക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

രാം ലീല മൈതാനം നിറയുകയാണ്. സൂര്യൻ സ്തമിക്കാറായി. അപ്പോപ്പഴാണ് അവിടെ എത്തിച്ചേർന്ന സ്ത്രീകളെ ഞാൻ കാണുന്നത്. ഒന്നും രണ്ടുമല്ല നൂറുകണക്കിന് വനിതകളാണ് അവിടെ എത്തിച്ചേർന്നിരിക്കുന്നത്.

പരിപാടികൾ തുടങ്ങാറായി. ഏതാനും ചില ബി.ജെ.പി. നേതാക്കൾ വേദിയിലേക്ക് വന്ന് ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒരു റോക്ക് കൺസേർട്ടിലേത് പോലെ, തങ്ങൾക്ക് പാർട്ടിയോടുള്ള കൂറ് പ്രകടമാക്കാൻ അവർ നേതാക്കളുടെ ഓരോ വാക്കിനും ആർത്തുവിളിക്കുകയാണ്. ഈ സമയം എന്റെ ഫോൺ നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ കാരണം ഇടയ്ക്കിടക്ക് മിന്നിക്കൊണ്ടിരുന്നു. ട്രംപിനെപ്പോലെതന്നെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങാൻ സോഷ്യൽ മീഡിയയാണ് മോദിയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ട്രംപിന്റെ ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണം 60.4 മില്ല്യൺ ആണെകിൽ തൊട്ടുപിറകിലുള്ള മോദിക്ക് 47.3 മില്ല്യൺ ഫോളോവേർസ് ഉണ്ട്.

മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്ന കാര്യത്തിലും മോദി ട്രംപിൻറെ ഉറ്റ തോഴനാണ്. തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാത്തവരെയും തന്റെ പാർട്ടിയോട് അടുപ്പം കാണിക്കുന്നവരെയുമാണ് മോദി ഇതിനായി തിരഞ്ഞെടുക്കുക. ഫോക്സ് ന്യൂസിനോട് മാത്രം അടുപ്പം കാണിക്കുന്ന ട്രംപും ഇതേ സ്വഭാവക്കാരനാണ്.

കൂടിയിരിക്കുന്നവർക്ക് പെട്ടെന്ന്‌ ഒച്ചകൂടുന്നതും അവർ ആർപ്പുവിളിക്കുന്നതും ഞാൻ ശ്രദ്ധിച്ചു, മോദി അവിടേക്ക് എത്തിക്കഴിഞ്ഞു.

'മോദി മോദി' എന്ന് വിളിച്ചുകൊണ്ട് ജനങ്ങളും തയാറെടുത്തുകഴിഞ്ഞു. തങ്ങളുടെ പ്രിയനേതാവിന്റെ സ്വരം ശ്രവിക്കാൻ. 'ജയ് ഹിന്ദ്' പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. 'മോദി' വിളികൾ എന്നെ ഓർമിപ്പിച്ചത് 2016ലെ 'യു.എസ്.എ, യു.എസ്.എ' വിളികളെയാണ്. ഇരുവരും ജനങ്ങളെ കയ്യിലെടുക്കാൻ ആഗ്രഹിക്കുന്നവരാണ്.

തന്റെ പ്രസംഗത്തിൽ പാകിസ്ഥാനെയും തീവ്രവാദ പ്രശ്നത്തെയും ഉൾപ്പെടുത്താൻ മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 'അവരുടെ രാജ്യത്തുപോയി തീവ്രവാദികളെ ഞങ്ങൾ കൊന്നത് തെറ്റാണോ?' .മോദിയുടെ ചോദ്യത്തിന് മറുപടിയായി ആയിരം 'ഇല്ലാ, ഇല്ലാ' വിളികൾ മുഴങ്ങി. എതിർപാർട്ടികളേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും വിമർശിക്കാൻ മോദി മറന്നില്ല.

തങ്ങൾ പുറത്ത് നിന്നുള്ളവരാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിയും ട്രംപും എപ്പോഴും ശ്രമിക്കാറുണ്ട്.
എതിർപ്പാർട്ടിയായ കോൺഗ്രസിന്റെ കുടുംബവാഴ്ചയെയും ഉപരിവർഗ്ഗ മനോഭാവത്തെയും പലപ്പോഴും മോദി ഉന്നം വയ്ക്കാറുണ്ട്. ട്രംപ് ആകട്ടെ ഹിലരിയെയും ഭർത്താവും മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റനെയും വിമർശിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ഡെമോക്രാറ്റ് പാർട്ടിക്കാരുടെ അപ്പർ ക്ലാസ്സ് ചിന്താഗതിയെയും ട്രംപ് ഉന്നം വെയ്ക്കുന്നു.

മോദിയുടെ വിമർശനങ്ങൾ പലതും അതിര് കടക്കുന്നവയാണെന്നും സഭ്യമല്ലാത്തതാണെന്നും പലപ്പോഴും പ്രതിപക്ഷം ആരോപിക്കാറുമുണ്ട്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു അഴിമതിക്കാരനായാണ് മരണമടഞ്ഞതെന്നുള്ള മോദിയുടെ വാക്കുകൾ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സെനറ്റർ ജോൺ മക്കയിനെതീരെ ട്രംപ് തൊടുത്ത വിമർശനങ്ങളെയാണ് ഇത് ഓർമ്മിപ്പിക്കുക.

എന്നാൽ ഇത്തരം പരാമർശങ്ങളൊന്നും തങ്ങൾ കാര്യമായി എടുക്കുന്നില്ലെന്നാണ് മോദി അനുകൂലികൾ പറയുന്നത്. തങ്ങളെ സംബന്ധിച്ച് ചെയ്യേണ്ട ജോലി കൃത്യമായി ചെയ്യുന്നവരെയാണ് രാജ്യത്തിന് ആവശ്യം. അവർ പറയുന്നു. വ്യക്തിയധിഷ്ഠിതമായ രാഷ്‌ടീയപ്രവർത്തനത്തെ ഇഷ്ടപെടുന്നവരാണ് ഇവർ. നിരന്തരം ശ്രദ്ധ കിട്ടാതെ പോയ തങ്ങളുടെ ശബ്ദങ്ങൾക്ക് ഇപ്പോഴാണ് അത് ലഭിക്കുന്നതെന്ന്‌ അവർ വിചാരിക്കുന്നു.

'എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം ഞങ്ങളെ ആകർഷിക്കുന്നു. ഞാൻ ഒരു നേരത്തെ ഭക്ഷണം വേണ്ടെന്ന് വയ്ക്കും. പക്ഷെ രാജ്യത്തെ അപമാനിക്കാൻ ഞാൻ അനുവദിക്കില്ല. അതുകൊണ്ടാണ് എനിക്ക് മോദിയെ ഇഷ്ടം.' ഡൽഹിയിൽ നിന്നും വരുന്ന മെക്കാനിക്കായ സന്തോഷ് പറയുന്നു. സന്തോഷിന്റെ 18 മാസമായ കുഞ്ഞിനെ മോദിയുടെ വസ്ത്രത്തോട് സാമ്യമുള്ള ഉടുപ്പുകളാണ് ധരിപ്പിച്ചിരിക്കുന്നത്.