eftar-in-rama-temple

അയോദ്ധ്യ: മതസൗഹാർദം വിളിച്ചോതി അയോദ്ധ്യയിലെ ശ്രീ സീത രാമ ക്ഷേത്രത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിന്റെ പങ്കുവയ്ക്കലുമായി വിരുന്നിൽ നിരവധി ആളുകൾ പങ്കെടുത്തു. മൂന്നാം തവണയാണ് ക്ഷേത്രത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്. പൂജാരി യുഗാൽ കിഷോറിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഇഫ്താർ സംഘടിപ്പിച്ചത്. എല്ലാ ആഘോഷങ്ങളും ഒരേ മനസോടെ ആചരിക്കേണ്ടവയാണെന്ന് യുഗാർ കിഷോർ പറഞ്ഞു. ഈ ആഘോഷങ്ങൾ ഞങ്ങൾ തുടർന്നു പോകുമെന്നും യുഗാർ കിഷോർ വാർത്ത ഏജൻസിയോട് പറഞ്ഞു.

ആഘോഷങ്ങളെല്ലാം ഒരേ മനസോടെ നടത്തുമെന്നും വർഷവും ഹിന്ദു സഹോദരങ്ങൾക്കൊപ്പം നവരാത്രി ആഘോഷിക്കാറുണ്ടെന്നും ഇഫ്താർ വിരുന്നിൽ പങ്കെടുത്ത മുജമ്മിൽ ഫിസ പറഞ്ഞു. ഇഫ്താരിൽ സന്ദേശങ്ങൾ പകർന്ന് ഇരു മതത്തിലും വിശ്വസിക്കുന്നവർ ക്ഷേത്രത്തിൽ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. പ്രത്യേക അജണ്ടയുള്ള ചിലർ ഇരു മതവിഭാഗങ്ങളും ഇങ്ങിനെ ഒന്നിച്ചിരിക്കുന്നതിനെ എതിർക്കുന്നുണ്ട്. എന്നാൽ യുഗാൽ കിഷോറിനെ പോലുള്ളവരാണ് ഇവിടെ മതസൗഹാർദ്ദം നിലനിർത്തുന്നത്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമല്ല, സ്നേഹമാണ് യുഗാൽ കിഷോർ പങ്കുവയ്ക്കുന്നതെന്നും മുജമ്മിൽ കൂട്ടിച്ചേർത്തു.