election-

ന്യൂഡൽഹി : വോട്ടെണ്ണൽ ആരംഭിക്കാന്‍ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ അവസാനിക്കുന്നില്ല. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിപക്ഷവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. യു.പി.എ വിജയിക്കുമെന്ന് ഒരു സർവേയും പ്രവചിച്ചിട്ടില്ല.

അതേസമയം എൻ.ഡി.എയ്ക്ക് കൂറ്റൻ വിജയം ഉണ്ടാകില്ലെന്നും ഫോട്ടോഫിനിഷ് ആയിരിക്കുമെന്നും പ്രവചനങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർ‌ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോർട്ടേഴ്സിന്റെ തിരഞ്ഞെടുപ്പ് സർവോണ് ഇപ്പോൾ പുറത്തുവന്നത്.

ലോക്‌സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ള 272 സീറ്റുകൾ ഇത്തവണ ബി.ജെ.പി നേടില്ലെന്നാണ് 101 റിപ്പോർട്ടേഴ്സിന്റെ സർവേയിലെ കണ്ടെത്തൽ. എൻ.ഡി.എയ്ക്ക് 253 സീറ്റുകളാണ് ലഭിക്കുകയെന്നാണ് പ്രവചനം. ബി.ജെ.പിക്ക് തനിച്ച് 211 സീറ്റുകൾ ലഭിക്കുമെന്നും സർവേയിൽ പറയുന്നു ബി.ജെ.പി ആയിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് കഴിഞ്ഞ തവണ നേടിയ 44 സീറ്റിൽ നിന്ന് ഏറെ മുന്നോട്ടുപോകും.

യു.പി.എയ്ക്ക് 152 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് തനിച്ച് ലഭിക്കുക 114 സീറ്റുകൾ ആയിരിക്കുമെന്നാണ് 101 റിപ്പോർട്ടേഴ്‌സ് പറയുന്നത്. മറ്റുളളവർ 134 സീറ്റുകൾ നേടും. കോൺഗ്രസ് രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാവും.

അതേസമയം പശ്ചിമ ബംഗാളിൽ 26 സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാവും. ബി.ജെ.പി 2 സീറ്റിൽ നിന്ന് 11 സീറ്റിലേക്ക് ഉയരും. തൃണമൂലിന് എട്ട് സീറ്റുകൾ നഷ്ടപ്പെടും. കോൺഗ്രസിനും ഇടത് മുന്നണിക്കും നാല് സീറ്റ് ലഭിക്കും.

കേരളത്തിൽ എല്ലാ സർവേകളിലും പറഞ്ഞതുപോലെ യു.ഡി.എഫ് മുന്നേറ്റമായിരിക്കും ഉണ്ടാവുക. 20ൽ 14 സീറ്റുകളാണ് യു.ഡി.എഫ് നേടുക. അതേസമയം ഇടതുപക്ഷം നാലുസീറ്റുകളിൽ ഒതുങ്ങും. ബി.ജെ.പിക്ക് രണ്ടുസീറ്റുകൾ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് സീറ്റ് കുറയുമെങ്കിലും വൻ തകർച്ചയുണ്ടാകില്ല. 46 സീറ്റുകൾ ബി.ജെ.പി നേടും. കോൺഗ്രസിന് ആറു സീറ്റുകളും മഹാഗഡ്ബന്ധന് 28 സീറ്റുകളും ലഭിക്കും.

തമിഴ്‌നാട് കോൺഗ്രസ്-ഡി.എം.കെ സഖ്യം 34 സീറ്റുമായി തൂത്ത് വാരും. ബി.ജെ.പി സഖ്യം നാലിൽ ഒതുങ്ങും. തെലങ്കാനയിലെ 17 സീറ്റുകളും ടി.ആർ.എസ് സ്വന്തമാക്കും. രാജസ്ഥാനിൽ 18 സീറ്റ് നേടി ബി.ജെ.പി മുന്നിലെത്തും. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമായിരിക്കുമെന്നും 101 റിപ്പോർട്ടേഴ്സ് പ്രവചിക്കുന്നു.

ഒഡിഷയിൽ ബി.ജെ.ഡിക്ക് 14 സീറ്റുകളും ബി.ജെ.പിക്ക് 7 സീറ്റുകളും ലഭിക്കും. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് 17 സീറ്റും കോൺഗ്രസിന് 8 സീറ്റും മറ്റുളളവർക്ക് 23 സീറ്റുകളും ലഭിക്കും. ഹരിയാനയിൽ ബി.ജെ.പിക്ക് 7 സീറ്റും കോൺഗ്രസിന് 3 സീറ്റും ലഭിക്കും.

പഞ്ചാബിൽ കോൺഗ്രസിന് എട്ട് സീറ്റ് ലഭിക്കുമ്പോൾ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. മറ്റുളളവർക്ക് നാലു സീറ്റും ലഭിക്കും. ബീഹാറിൽ ബി.ജെ.പി 11 സീറ്റും കോൺഗ്രസ് 6 സീറ്റും ജെ.ഡി.യു അടക്കമുള്ള മറ്റുളളവർ 23 സീറ്റുകൾ സ്വന്തമാക്കി മുന്നിലെത്തും.

ആന്ധ്ര പ്രദേശിൽ ബി.ജെ.പിക്കും കോൺഗ്രസിനും സീറ്റൊന്നും ലഭിക്കില്ല എന്നും 101 റിപ്പോർട്ടേഴ്‌സ് പ്രവചിക്കുന്നു. വൈ.എസ്.ആർ കോൺഗ്രസും ടി.ഡി.പിയും ചേർന്ന് ആകെയുളള 25 സീറ്റ് വീതം നേടും. കര്‍ണാടകത്തിൽ ബി.ജെ.പിക്ക് 18 സീറ്റും കോൺഗ്രസിന് 9ഉം മറ്റുളളവർക്ക് ഒന്നും കിട്ടും. ഗുജറാത്തിൽ ബി.ജെ.പിക്ക് 18 സീറ്റും കോൺഗ്രസിന് 8 സീറ്റും കിട്ടും എന്നും 101 റിപ്പോർട്ടേഴ്‌സ് പറയുന്നു.