exit-poll

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം വന്ന എക്ളിറ്റ് പോളുകൾ രാജ്യം ആര് ഭരിക്കണമെന്നതിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. എന്നാൽ എക്ളിറ്റ് പോളുകൾ പൂർണമായും വിശ്വസിക്കാമോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ശക്തികൾ ഒന്നിച്ച് ചേർന്ന് ബി.ജെ.പിയെ നേരിട്ടിട്ടും എൻ.ഡി.എ മുന്നണി മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നാണ് മിക്ക മാദ്ധ്യമ സ്ഥാപനങ്ങളും പ്രവചിരിക്കുന്നത്.

ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രവചിച്ച മിക്ക എക്സിറ്റ് പോൾ ഫലങ്ങളെയും കോൺഗ്രസ് പാർട്ടി തള്ളിയിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ മുമ്പ് നിരവധി തവണ തെറ്റിയിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. എന്നാൽ എക്സിറ്റ് പോളിലെ വലിയൊരു തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം. ന്യൂസ് 18 നടത്തിയ പ്രവചനത്തിലാണ് തെറ്റുകൾ കണ്ടെത്തിയത്.

ആകെ 6 സീറ്റുകളിൽ മത്സരിച്ച ഒരു പാർട്ടിക്ക് അഞ്ച് സീറ്റ് മുതൽ എഴ് സീറ്റുവരെ ലഭിക്കുമെന്ന് ന്യൂസ് 18 പ്രവചിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ബീഹാറിൽ ആറ് സീറ്റിൽ മാത്രം മത്സരിച്ച രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയാണ് അഞ്ച് മുതൽ ഏഴ് സീറ്റ് വരെ നേടിയേക്കുമെന്ന് പറയുന്നത്. ന്യൂസ് 18നും ഇപ്‌സോസ് എന്ന എജൻസിയും ചേർന്നാണ് എക്‌സിറ്റ് പോൾ സർവ്വേ നടത്തിയത്.

സമാനമായ രീതിയിൽ ടെെംസ് നൗവിന്റെ പ്രവചനത്തിലും തെറ്റ് പറ്റിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഒരു സീറ്റിൽ പോലും മത്സരിക്കാത്ത ആം ആദ്മി പാർട്ടി 2.09 ശതമാനം വോട്ട് നേടുമെന്നായിരുന്നു ടൈംസ് നൗവിന്റെ പ്രവചനം. ഇക്കര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയും രംഗത്തെത്തി.