ന്യൂഡൽഹി: ആദ്യം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിന് പിന്നിൽ ഫലം വൈകുമെന്ന് ചൂണ്ടിക്കാട്ടി. വിവിപാറ്റ് ഒത്തുനോക്കുമ്പോൾ പൊരുത്തക്കേട് കണ്ടെത്തിയാൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റ് രസീതുകളും ഒത്തുനോക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ അന്തിമഫലം പുറത്തുവരാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ. നിലവിലുള്ള മാർഗനിർദ്ദേശത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തിലെവോട്ടുകൾ എണ്ണിക്കഴിഞ്ഞുമാത്രമായിരിക്കും വിവിപാറ്റുകൾ എണ്ണുക.
വിവിപാറ്റ് രസീതുകൾ എണ്ണിയ റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വഴി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം. പിഴവുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കും. തർക്കം വന്നാൽ വിവിപാറ്റുകളുടെ എണ്ണം അന്തിമമായിരിക്കും. കൗണ്ടിങ് ഏജന്റുമാർ ഇ.വി.എം സീരിയൽ നമ്പർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്നും കമ്മിഷൻ നിർദേദശിച്ചു.