ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് 2019ലെ വേൾഡ് ആര്‍ക്കിടെക്ചർ ന്യൂസ് അവാർഡിന് പരിഗണിക്കുന്നു. ലോകത്തിലെ വ്യത്യസ്ത നിർമ്മിതികളെ പരിഗണിച്ച് ലോകത്തിലെ മികച്ച ആർക്കിടെക്ചർ മാതൃകകൾക്ക് നൽകി വരുന്ന അവാർഡാണിത്. 182 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമാണ രീതികളെ കുറിച്ച് വേൾഡ് ആര്‍ക്കിടെക്ചർ ന്യൂസ് വിഭാഗം വിശദീകരിക്കുന്നുണ്ട്.
ഇതുവരെ 15 ലക്ഷത്തോളം ആളുകളാണ് പ്രതിമ സന്ദർശിച്ചിട്ടുള്ളത്. അതിശക്തമായ കാറ്റിനെ പോലും അതിജീവിക്കുന്ന രീതിയിലാണ് പ്രതിമയുടെ നിർമ്മണമെന്നും റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തുന്ന ഭൂകമ്പത്തെയും അതിജീവിക്കാൻ പ്രതിമയ്ക്ക് സാധിക്കുമെന്നും അവരുടെ വെബ്സെെറ്റിൽ വ്യക്തമാക്കുന്നു. 15000ത്തോളം ആളുകൾക്ക് നേരിട്ട് ജോലി ലഭിക്കുന്നതിനും പ്രദേശത്തെ ടൂറിസം വികസനത്തിനും പ്രതിമ കാരണമായെന്ന് ആർക്കിടെക്ചർ ന്യൂസ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
നർമ്മദാ നദിയിലെ സാധു തടത്തിൽ നിർമ്മിച്ച കൃത്രിമ ദ്വീപിൽ 130 ഹെക്ടർ പ്രദേശത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്. 250 മീറ്റർ നീളത്തിൽ പാലവും നിർമ്മിച്ചിട്ടുണ്ട്. 2014 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 46 മാസം കൊണ്ടാണ് പൂർത്തിയാവുന്നത്. 3,400 തൊഴിലാളികളും 250 എൻജിനിയർമാരും നാലുവർഷത്തോളം രാപ്പകലില്ലാതെ നടത്തിയ അദ്ധ്വാനത്തിന്റെ ഫലമാണ് പ്രതിമ.