ന്യൂഡൽഹി: നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപേ ആഘോഷത്തിന് തയ്യാറെടുത്ത് ബി.ജെ.പി. ഇതിനായി കിലോക്കണക്കിന് കേക്കുകളാണ് ഡൽഹിയിലെ സെന്റ്രൽ ഒാഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ വാങ്ങിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച പുറത്തുവന്ന എക്സിറ്റ് പോളുകളിൽ അനുകൂലമായ പ്രവചനമാണ് പാർട്ടി പ്രവർത്തകർക്ക് ഇത്തരത്തിലുളള ആത്മവിശ്വാസം നൽകുന്നത്.
ഏഴ് കിലോയുടെ സ്പെഷ്യൽ ലഡ്ഡു കേക്കുകളും അഞ്ചും നാലും കിലോ ഭാരം വരുന്ന കേക്കുകളും കൂടെ മധുരപലഹാരങ്ങളുമാണ് ഒാഫീസിലേക്ക് വാങ്ങിച്ചിരിക്കുന്നത്. മധുരപലഹാരങ്ങൾ താമര ആകൃതിയിലുളളവയാണ്. കിലോയ്ക്ക് 1000 രൂപ മുതലാണ് കേക്കുകളുടെ വില ആരംഭിക്കുന്നത്. പ്രശസ്തമായ ബംഗാളി പേസ്ട്രി ഷോപ്പിൽ നിന്നുമാണ് ബി.ജെ.പി പ്രവർത്തകർ ഇവ വാങ്ങിച്ചിരിക്കുന്നത്.
കിലോയ്ക്ക് 2000 രൂപ വിലയുളള പിസ്ത-ബദാം ബർഫി 50 കിലോയോളമാണ് ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ വാങ്ങിയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദെവേന്ദ്ര ഫഡ്നാവിസ് 125 കിലോയുടെ കേക്കാണ് നാളെ മുറിക്കാൻ പോകുന്നത്. എക്സിറ്റ് പോൾ വന്നയുടനെ മുംബയിലെ ഒരു ബി.ജെ.പി നേതാവ് 2000 കിലോ ലഡ്ഡു ഒാർഡർ ചെയ്തിരുന്നു.