തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ വിജയിയെ ഇന്നറിയാം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ചിപ്പിൽ ഒരുമാസമായി ഭദ്രമായിരിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകളുടെ അകലം മാത്രം. മാർ ഇവാനിയോസിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുത്ത് രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ആദ്യമണിക്കൂറിൽ തന്നെ ഫലസൂചന ലഭിച്ചുതുടങ്ങുമെങ്കിലും അതിശക്തമായ ത്രികോണമത്സരം നടക്കുന്ന തലസ്ഥാനത്ത് വ്യക്തമായ ചിത്രം ലഭിക്കാൻ സമയമെടുക്കും. 2014ലേതു പോലെ അവസാനറൗണ്ട് വരെ നീളുന്ന സസ്പെൻസ് ത്രില്ലറായിരിക്കും തലസ്ഥാനത്തെ വോട്ടെണ്ണൽ.
വിജയിയെ ഉച്ചയോടെ അറിയാനായാലും ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിട്ട് ആറിനേ ഉണ്ടാവൂ. ഓരോ നിയമസഭാ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വീതം വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. പോസ്റ്റൽ വോട്ടുകൾക്കൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെയും വോട്ടെണ്ണും. വോട്ടെണ്ണലിനു മുൻപായി വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്റമാണെന്നും ഉറപ്പുവരുത്തും.
തുടർന്ന്, കൺട്രോൾ യൂണിറ്റിന്റെ റിസൽട്ട് ബട്ടൺ അമർത്തും. അപ്പോൾ ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ ഡിസ്പ്ലേയിൽ കാണാം. ഒരു റൗണ്ടിലെ എല്ലാ മെഷീനുകളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലേക്ക് കടക്കൂ. ഒരു മണിക്കൂറിൽ മൂന്ന് റൗണ്ട് എന്ന തോതിൽ എണ്ണാനാകും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീർന്നശേഷമാണ് വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നത്. ഇതിനായി ഒരു നിയമസഭാ മണ്ഡലത്തിൽ അഞ്ചു വിവി പാറ്റ് യന്ത്റങ്ങൾ വീതം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. വിവി പാറ്റ് രസീതുകൾ എണ്ണിത്തീർന്നശേഷമാണ് അന്തിമ ഫലപ്രഖ്യാപനം.
നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ ടേബിളുകളുടെ നിരീക്ഷണ ചുമതല ഉപവരണാധികാരികൾക്കാണ്. മൈക്രോ ഒബ്സർവറുടെ നിരീക്ഷണത്തിൽ കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലെയും വോട്ടുകൾ എണ്ണുക. പോസ്റ്റൽ വോട്ടുകൾ വരണാധികാരിയുടെ മേൽനോട്ടത്തിലാണ് എണ്ണുക. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനു ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ട്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് വോട്ടുകൾ (ഇ.ടി.പി.ബി.എസ്) സ്കാൻ ചെയ്ത് വോട്ടെണ്ണുന്നതിനു സജ്ജമാക്കുന്നതിന് തഹസിൽദാർമാരുണ്ട്.
തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസിലെ വിദ്യാനഗറിലാണ് സംസ്ഥാനത്തെ ഏക മാതൃകാവോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷയാണൊരുക്കുന്നത്.
വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ കേന്ദ്ര സായുധ സേനയും കേന്ദ്രത്തിന്റെ കവാടത്തിൽ സംസ്ഥാന സായുധ പൊലീസും കേന്ദ്രത്തിനു പുറത്തു ലോക്കൽ പൊലീസും സുരക്ഷ ഒരുക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ഇരുവശത്തേക്കും 100 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾക്കു പ്രവേശനമില്ല.
പൊലീസ് വലയത്തിൽ നഗരം
വോട്ടെണ്ണൽ കേന്ദ്രത്തിലും നഗരത്തിലും കൂടുതൽ പൊലീസിനെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു.
കേന്ദ്ര സായുധസേനയെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ളിൽ വിന്യസിക്കും. സായുധപൊലീസ് നഗരത്തിൽ റോന്തുചുറ്റും. വോട്ടെണ്ണലിനിടെ മുൻപ് അക്രമം കാട്ടിയ 366 പേർ നിരീക്ഷണത്തിലാണ്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രകടനങ്ങൾ പൊലീസ് നിയന്ത്രണത്തിലായിരിക്കും. ഇരുചക്രവാഹന റാലികൾ അനുവദിക്കില്ല. വാഹനങ്ങളിൽ ആഹ്ലാദപ്രകടനം നടത്തുന്നതിന് നിയന്ത്രണമുണ്ട്. ഒൻപത് അസി. കമ്മിഷണർമാർ, 21 സി.ഐമാർ, 37 സബ് ഇൻസ്പെക്ടർമാർ, 266 പൊലീസുകാർ, 100 വനിതാ പൊലീസ് എന്നിവരെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചു.
5 മണിക്കൂർ കാത്തിരിപ്പ്
വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ഉച്ചയ്ക്ക് ഒന്നരയോടെ പൂർത്തിയായ ശേഷമായിരിക്കും വിവി പാറ്റ് രസീത് എണ്ണി തുടങ്ങാൻ. അതിനു മുമ്പാണ് വിവി പാറ്റ് എണ്ണേണ്ട ബൂത്തുകൾ ഏതൊക്കെ, ഏതു മേശയിൽ വിവി പാറ്റ് എണ്ണണം തുടങ്ങിയവ നിർണയിക്കാനുള്ള നറുക്കെടുപ്പ്. വിവി പാറ്റ് എണ്ണാൻ പ്രത്യേക ജീവനക്കാരില്ല. നറുക്കുവീഴുന്നവർ 5 മണിക്കൂർ തുടരണം. ഒരു സമയത്തു ഒരു വിവി പാറ്റ് മാത്രമേ എണ്ണാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. ഒരു വിവി പാറ്റ് എണ്ണാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ 5 വിവി പാറ്റ് രസീതാണ് എണ്ണുക. ഇതിനു അഞ്ച് മണിക്കൂറെടുക്കും. പത്തു മണിക്കൂറാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്നത്.
നഗരത്തിൽ അക്രമം അനുവദിക്കില്ല. അക്രമം നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. സംഘർഷം അടിച്ചമർത്താൻ പതിനഞ്ചോളം സ്ട്രൈക്കിംഗ് ഫോഴ്സുണ്ട്. പ്രശ്നസാദ്ധ്യതാ മേഖലയിൽ പിക്കറ്റ് പോസ്റ്റുകളുണ്ട്. സഞ്ജയ് കുമാർ ഗുരുദിൻ (സിറ്റി പൊലീസ് കമ്മിഷണർ)