പ്രമുഖ തെന്നിന്ത്യൻ താരം സാമന്ത് അക്കിനേനിയും സീനിയർ നായിക ലക്ഷ്മിയും ഒന്നിക്കുന്നു. ബി.വി. നന്ദിനി റെഡ്ഢി സംവിധാനം ചെയ്യുന്ന 'ഓ ബേബി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രണ്ട് തലമുറകളിലെ നായികമാരുടെ സമാഗമം. മിസ്. ഗ്രാനി എന്ന ദക്ഷിണ കൊറിയൻ ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം ഇരുപതുകാരിയുടെ ശരീരത്തിൽ പ്രവേശിക്കുന്ന ഒരു എഴുപതുകാരിയുടെ കഥയാണ് പറയുന്നത്.
ദേശീയ പുരസ്കാരം നേടിയ ചന്ദ്രമം കാതലു എന്ന ആന്തോളജി ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗശൗര്യയാണ് നായകൻ. അരനൂറ്റാണ്ടിലേറെയായി രാജ്യത്തെ മുൻനിര നിർമ്മാണക്കമ്പനികളിലൊന്നായി തുടരുന്ന സുരേഷ് പ്രൊഡക്ഷൻസും ഗുരു ഫിലിംസും പീപ്പിൾസ് മീഡിയ ഫാക്ടറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമന്ത അക്കിനേനി കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.