തിരുവനന്തപുരം: സാമ്പത്തികമായും ശാരീരികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠനത്തിൽ കൈപിടിച്ചു കയറ്റാൻ സഞ്ചാരി ട്രാവൽ ക്ലബും ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും ചേർന്നുള്ള നോട്ട് ബുക്ക് പദ്ധതി ഈ വർഷവുമെത്തുന്നു. വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള സാധനങ്ങളെല്ലാം തികച്ചും സൗജന്യമായി എത്തിക്കുകയാണ് കഴിഞ്ഞ മൂന്ന് വർഷമായി നോട്ട് ബുക്ക് എന്ന കൂട്ടായ്മ ചെയ്യുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് കൂട്ടായ്മയുടെ സേവനം ലഭിക്കാറുള്ളത്. ഇക്കുറി ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെകൂടി കണ്ടെത്തി സഹായിക്കാനാണ് തീരുമാനം. ഇതോടൊപ്പം ആദിവാസി മേഖലയിൽനിന്നും തീരദേശ മേഖലയിൽ നിന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യും. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ഉദ്ദേശിച്ച് ഈ വർഷം പഠന സാമഗ്രികൾക്ക് പുറമേ കളിപ്പാട്ടങ്ങളും നൽകുന്നുണ്ട്.
വിവിധയിടങ്ങളിൽനിന്ന് പഠന സാമഗ്രികൾ ശേഖരിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയാണ് പതിവ്. നഗരത്തിൽ സൂപ്പർ മാർക്കറ്റുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലുമായി വിവിധയിടങ്ങളിലായി മുപ്പതിലധികം ഇടങ്ങളിൽ നോട്ട് ബുക്കിന്റെ നേതൃത്വത്തിൽ കളക്ഷൻ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഓരോ ബിൽഡിംഗിലും ഓരോ കളക്ഷൻ ബോക്സ് വച്ചിട്ടുണ്ട്. കളക്ഷൻ 31 നു സമാപിക്കും. പദ്ധതിയിലൂടെ കിട്ടുന്ന പഠനോപകരണങ്ങൾ ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ജൂൺ ആദ്യവാരം വിതരണം ചെയ്യാനാണ് ശ്രമം.
സന്നദ്ധരായവർക്ക് തങ്ങളുടെ സംഭാവനകൾ ബോക്സുകളിൽ നിക്ഷേപിക്കാം. പഠനാവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങളും ബുക്കുകളും പേനയും പെൻസിലും കുടയും ബാഗും തുടങ്ങി ഓരോരുത്തർക്കുമാകുന്നത് സംഭാവന ചെയ്യാം. നോട്ട് ബുക്കിന്റെ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക ശേഖരണം നടത്താറില്ല. എന്നാൽ ചിലർ പണമായി സംഭാവന നൽകുന്നുണ്ട്. ഇതുപയോഗിച്ച് പഠന സാമഗ്രികൾ ആവശ്യമായവ വാങ്ങുകയാണ് ചെയ്യാറുള്ളതെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
അവരവരുടെ കുട്ടികൾക്ക് സ്കൂൾ സാധനങ്ങൾ വാങ്ങുന്നതിനൊപ്പം മറ്റൊരു കുട്ടിക്ക് കൂടി തങ്ങൾക്കാവുന്ന വിധത്തിൽ പഠനോപകരണങ്ങൾ വാങ്ങി ബോക്സുകളിൽ നിക്ഷേപിച്ചുകൊണ്ട് കൂടുതൽ സ്കൂളുകളിലേക്കും കൂടുതൽ കുട്ടികളിലേക്കും ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ഐ.ടി ജീവനക്കാരുടെ ശ്രമം.
കുട്ടികൾക്ക് ആവശ്യമായ പഠന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി നൽകാൻ സംഘടന സകൂൾ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷവും ജില്ലയിലെ അമ്പതോളം സർക്കാർ സ്കൂളുകളിലെ രണ്ടായിരത്തിലധികം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. ഈ വർഷവും 2000 കിറ്റുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യം. സംഭാവനയ്ക്ക് അർഹമായ സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്.