തിരുവനന്തപുരം: റംസാൻ കാലമായതോടെ പഴങ്ങളുടെ വില്പന തകൃതിയായി. വില്പന കൂടിയതോടെ വിലയും അതുപോലെ ഉയർന്നു.
ഒരാഴ്ച മുൻപുണ്ടായിരുന്നതിനെക്കാൾ കിലോഗ്രാമിന് 10 മുതൽ 20 രൂപയുടെ വരെ വർദ്ധനയാണ് പല പഴങ്ങൾക്കും ഉണ്ടായിട്ടുള്ളത്. റംസാൻ വിപണിയിൽ ഏറ്റവുമധികം വില്പനയുള്ള പഴവർഗം മാങ്ങയാണ്. കിലോയ്ക്ക് 60 -80 വരെ വിലയുള്ള സിന്ദൂരം, നീലം, ബങ്കനപ്പള്ളി, മല്ലിക എന്നീ ഇനങ്ങളാണ് കൂടുതലായും വിറ്റുപോകുന്നത്. ഈജിപ്റ്റ്, തുർക്കി എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബൃത്ത്കാലാണ് മറ്റൊരു താരം. 80 രൂപയായിരുന്ന ഇതിന് 100 -110 വരെയാണ് ഇപ്പോഴത്തെ വില. നാടൻ ഇനമായ കോട്ടൂർക്കോണം മാങ്ങയ്ക്കും എറെ ഡിമാൻഡുണ്ട്. നൂറു രൂപ വരെയാണ് കിലോയ്ക്ക് വില.
പഴങ്ങളുടെ വിലയിലുണ്ടായ മാറ്റം വിപണിയെ ബാധിച്ചിട്ടില്ലെന്ന് കണ്ണിമേറാ മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നു.
നോമ്പുതുറയുടെ പതിവുകാരായ ആപ്പിൾ, തണ്ണിമത്തൻ, മുന്തിരി തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. സീസൺ അവസാനിക്കാറായതേടെ തണ്ണിമത്തന്റെ വരവിന് കുറവുണ്ടാകുമെന്ന് ആശങ്കയുണ്ടായിരുന്നു.എന്നാൽ നിലവിൽ ആവശ്യത്തിനെത്തുന്നുണ്ട്. കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് ഇവ എത്തുന്നത്. 16 -18 വരെ വിലയുണ്ടായിരുന്ന ഇവയ്ക്ക് 20 -25 വരെയാണ് ഇപ്പോഴത്തെ വില. ഇക്കുറി വിപണിയിലെത്തിയ മഞ്ഞ നിറത്തിലുള്ള പുതിയ ഇനം തണ്ണിമത്തന് അത്രയേറെ ആവശ്യക്കാരില്ല. ചുവന്ന തണ്ണിമത്തന് തന്നെയാണ് ഇപ്പോഴും ആവശ്യക്കാർ ഏറെയുള്ളത്. ഓറഞ്ചിന് ഒരു കിലോയ്ക്ക് 160 രൂപ വരെ വിലയുണ്ട്. വിവിധയിനം മുന്തിരികൾക്ക് 100 മുതൽ 180 വരെയും ആപ്പിളിന് 160 മുതൽ 200 വരെയുമാണ് വില. മാതളത്തിന് 160 രൂപയുണ്ട്. പപ്പായയ്ക്ക് 40 രൂപ, പൈനാപ്പിളിന് 90 രൂപ എന്നിങ്ങനെ വിലയുണ്ട്.