തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന 'പിങ്ക് പൊലീസ് പട്രോൾ" കോവളത്തേക്കും വിഴിഞ്ഞത്തേക്കും വ്യാപിപ്പിച്ചു. വിനോദസഞ്ചാര മേഖലകളായ ഇവിടെ സ്ത്രീസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഒരു വനിതാ പൊലീസ് ഓഫീസർ ഉൾപ്പെടെ നാല് വനിതാ പൊലീസുദ്യോഗസ്ഥരാണ് ഒരു പിങ്ക് പട്രോൾ വാഹനത്തിൽ ഉള്ളത്. ജി.പി.എസ്, കാമറ സംവിധാനം അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും അത്യാവശ്യ സന്ദർഭങ്ങളിലും, അടിയന്തര ഘട്ടത്തിലും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നിലവിലുണ്ട്. 1515 എന്ന ട്രോൾ ഫ്രീ നമ്പരിലാണ് പിങ്ക് പൊലീസിന്റെ സേവനത്തിനായി വിളിക്കേണ്ടത്.2016 ആഗസ്റ്റിൽ ആരംഭിച്ച പിങ്ക് പൊലീസ് ഇതുവരെ ഏഴായിരത്തോളം പേർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് അറിയിച്ചു.
പോക്സോ ഉൾപ്പെടെയുള്ള 200 ഓളം കേസുകൾ പിങ്ക് പൊലീസിന്റെ സമയോചിത ഇടപെടൽ മൂലം കണ്ടെത്തി നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് വിനോദസഞ്ചാര മേഖലയായ കോവളം, വിഴിഞ്ഞം പ്രദേശത്ത് പുതിയ വാഹനം അനുവദിച്ചിട്ടുള്ളത്. പിങ്ക് പൊലീസ് പട്രോൾ സംവിധാനം നിലവിൽ വന്ന ശേഷം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്ക് തടയിടാനും അവർക്ക് കൂടുതൽ സുരക്ഷിതത്വ ബോധമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.