തിരുവനന്തപുരം: വികലാംഗക്ഷേമ കോർപറേഷന്റെ കീഴിൽ പാറ്റൂരിൽ പ്രവർത്തിക്കുന്ന വികലാംഗ സഹായ ഉപകരണ നിർമാണ കേന്ദ്രം പാറശാല കൊറ്റാമത്തേക്ക് മാറ്റാനൊരുങ്ങി അധികൃതർ, എതിർപ്പുമായി ജീവനക്കാരും രംഗത്ത്. സംസ്ഥാനത്തെ ഏക വികലാംഗ ഉപകരണ യൂണിറ്റാണ് പാറ്റൂരുള്ളത്. 19 വർഷം മുൻപ് വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കേന്ദ്രം ഇന്ന് അസൗകര്യങ്ങളുടെ നടുവിലാണ്. കാടുമൂടിയും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്ന കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയേ പറ്റൂ. നിലവിൽ പാറശാല കൊറ്റാമത്ത് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വികലാംഗ വൃദ്ധ അഗതി മന്ദിരത്തിന്റെ സമീപമാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. രണ്ട് മാസത്തിനുള്ളിൽ പുതിയ കെട്ടിടം പ്രവർത്തനസജ്ജമാകുമെന്നാണ് കോർപറേഷൻ എം.ഡി പറയുന്നത്. നിർമാണകേന്ദ്രം നഗരത്തിനുള്ളിൽ തന്നെ നിലനിറുത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വീൽചെയർ, ക്രച്ചസ്, മുച്ചക്ര സൈക്കിൾ, സി.പി ചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ആദ്യകാലങ്ങളിൽ കൃത്രിമ കൈയും കാലും ഭിന്നശേഷിക്കാർക്ക് യോജിക്കുന്ന രീതിയിലുള്ള പാദരക്ഷകളും ഇവിടെ നിർമിച്ചിരുന്നു. കാലക്രമേണ അവയുടെ നിർമാണം നിലച്ചു. മാനേജ്മെന്റിന്റെ അവഗണനയുടെ ഇരയാണ് ഈ കേന്ദ്രമെന്നും അധികൃതർ ഇവിടം സന്ദർശിച്ചിട്ട് ഒരു വർഷം കഴിഞ്ഞുവെന്നും ജീവനക്കാർ പറയുന്നു. താത്കാലിക ജീവനക്കാരായ 8 പേർ ഉൾപ്പെടെ 13 പേരാണ് ഇവിടെ ജോലിചെയ്യുന്നത്.
പൂജപ്പുരയുള്ള വികലാംഗ കോർപറേഷൻ ഹെഡ് ഓഫീസിൽ നിന്നും ഒരുപാട് ദൂരെയാണ് കൊറ്രാമത്തെ നിർമാണ സെന്റർ. ആവശ്യക്കാർക്ക് അളവെടുക്കാനും മറ്റ് ആവശ്യങ്ങൾക്കായും അവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്നാണ് സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) പറയുന്നത്. കോർപറേഷൻ ഏകപക്ഷീയമായാണ് നിലപാടെടുത്തതെന്നും ജീവനക്കാർ ആരോപിക്കുന്നു. എന്നാൽ ആവശ്യക്കാർ ഫാക്ടറിയിൽ പോയി സാധനം വാങ്ങേണ്ട അവസ്ഥയില്ലെന്നും ഹെഡ് ഓഫീസിൽ നിന്നാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതെന്നും കോർപറേഷൻ അധികൃതർ പറയുന്നു. കൂടാതെ ഇത്തരം ഉപകരണങ്ങളുടെ വലിയ ഷോറൂം ഹെഡ് ഓഫീസിന് സമീപം ആരംഭിക്കുന്നതിനായി 1.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുമുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും വ്യക്തമാക്കുന്നു.
നഗരത്തിനുള്ളിൽ തന്നെ പുതിയ കേന്ദ്രത്തിനായി അനുയോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെന്നും അത് അധികൃതർ കണ്ട മട്ട് നടിക്കുന്നില്ലെന്നുമാണ് സ്റ്റാഫ് യൂണിയൻ സെക്രട്ടറി അജയകുമാർ ആരോപിക്കുന്നത്. ഹെഡ് ഓഫീസിന് സമീപത്തായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ സ്ഥലമുണ്ട്, കൂടാതെ പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും സ്ഥലം ലഭ്യമാണ്. അധികൃതർ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാവണമെന്നാണ് ജീവനക്കാരുടെ ആവശ്യം.