തിരുവനന്തപുരം: അക്ഷമയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്ക് വിരാമമേകികൊണ്ട് വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ഒൻപത് മണിയോടെ രാജ്യഭരണം എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ ആദ്യ സൂചനകൾ ലഭിക്കും. കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 കേന്ദങ്ങളിലാണ് വോട്ടെണ്ണൽ. ആദ്യം തപാൽ വോട്ടുകൾ എണ്ണും. ഒപ്പം ഇ.ടി.പി.ബി.എസ് വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്‌കാനിംഗ് ആരംഭിക്കും. രാവിലെ എട്ടുമണിവരെ ലഭിച്ച എല്ലാ തപാൽ വോട്ടുകളും എണ്ണും.
ഒരു ഹാളിൽ പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ്. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണാൻ നാല് ടേബിളുകളാണ്. കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ടേബിളുകൾ ഒരുക്കും.
ജയിച്ച സ്ഥാനാർത്ഥിയുടെ മാർജിൻ മൊത്തം പോസ്റ്റൽ ബാലറ്റുകളെക്കാൾ കുറവാണെങ്കിൽ പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണും. അത് വീഡിയോയിൽ പകർത്തും. ഒരു റൗണ്ടിലെ എല്ലാ യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങൾ എണ്ണാൻ തുടങ്ങൂ.
ഓരോ കൺട്രോൾ യൂണിറ്റിലെയും സീലുകൾ (പിങ്ക് പേപ്പർ സീൽ, ഔട്ടർ പേപ്പർ സീൽ, സ്‌പെഷ്യൽടാഗ്, ഗ്രീൻ പേപ്പർ സീൽ) സുരക്ഷിതമാണെന്ന് ഉറപ്പാക്കിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
ഓരോ റൗണ്ടും തീരുമ്പോൾ നിരീക്ഷകൻ തിരഞ്ഞെടുക്കുന്ന രണ്ട് യന്ത്രങ്ങൾ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലെ എല്ലാ നടപടികളും വീഡിയോയിൽ പകർത്തും. യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയാൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണും. ഓരോ അസംബ്ലി മണ്ഡലത്തിലെയും നറുക്കിട്ടെടുക്കുന്ന അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് ആണ് എണ്ണുന്നത്.
വോട്ടിംഗ് മെഷീനിലെ ഫലവും വിവി പാറ്റ് എണ്ണവും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ വിവി പാറ്റ് എണ്ണമായിരിക്കും അന്തിമം. വിവി പാറ്റും എണ്ണിത്തീർന്ന ശേഷമായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം.