തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തിൽ 19 സീറ്റ് നേടാനായതിൽ കോൺഗ്രസിന് ആശ്വസിക്കാം. ഇരുപതിടത്ത് വിജയിക്കുമെന്നാണ് നേതൃയോഗത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതെങ്കിലും ആലപ്പുഴ മാത്രം കൈവിട്ടു. ആലപ്പുഴയിൽ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിൽ നേട്ടമുണ്ടാക്കാനായെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി മുന്നേറ്റമുണ്ടാക്കിയത് കോൺഗ്രസിന് തിരിച്ചടിയാണ്. നേതൃയോഗത്തിനിടെ തന്റെ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന് തുറന്ന് പറഞ്ഞ തൃശൂരിലെ സ്ഥാനാർത്ഥി ടി.എൻ.പ്രതാപനും പാർട്ടിക്കാർ പോലും കൈവിട്ട പാലക്കാട് വി.കെ.ശ്രീകണ്‌ഠനും നേടിയ അപ്രതീക്ഷിത വിജയവും കൗതുകമായി. എന്നാൽ കേരളത്തിൽ വലതുമുന്നണിയെ തുണച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മികച്ച പ്രവർത്തനം
ഇരുപത് മണ്ഡലങ്ങളിലും പരമാവധി പഴുതുകളടച്ച് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്‌ക്കാനായെന്നാണ് വിലയിരുത്തൽ.കോൺഗ്രസ് പ്രവർത്തകർ ഒരിക്കലുമില്ലാത്ത ഐക്യമാണ് പ്രകടിപ്പിച്ചത്. യു.ഡി.എഫിലും അതേ സഹകരണമുണ്ടായി. പ്രവർത്തകരുടെ പിന്തുണയില്ലായിരുന്നുവെന്ന പരാതി ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങൾ, അവശർ, വൃദ്ധർ, രോഗികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ നല്ല നിലയിൽ പ്രതികരിച്ചു. ഇതിന് പുറമെ മുസ്‌ലിം ലീഗ് ഒരു നിർണായക ഘടകമായിരുന്നു.
ന്യൂനപക്ഷങ്ങൾ
ന്യൂനപക്ഷ വിഭാഗങ്ങൾ അതിരാവിലെ മുതലെത്തി ക്യൂ നിന്ന് വോട്ടു ചെയ്‌തത് യു.ഡി.എഫിന് ഗുണകരമായി. പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത വിഭാഗക്കാർ പോലും ഒരഭ്യർത്ഥനയുമില്ലാതെ യു.ഡി.എഫിന് വോട്ടു ചെയ്‌തു. മോദി- പിണറായി സർക്കാരുകളാൽ വഞ്ചിക്കപ്പെട്ടുവെന്ന വികാരമാണ് പൊതുവിലുണ്ടായത്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനം വന്നതോടെ എല്ലാം യു.ഡി.എഫിന് അനുകൂലമായി. ഇതിന് പുറമെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന പൊതുവികാരവും
അടിയൊഴുക്കുകൾ
കോൺഗ്രസിനെതിരായ അടിയൊഴുക്ക് എവിടെയുമുണ്ടായിട്ടില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. അടിയൊഴുക്കുകളുണ്ടായതെല്ലാം സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെയാണ്. സംസ്ഥാന സർക്കാരിനെതിരെ കാര്യമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെങ്കിലും കേന്ദ്രസർക്കാരിനെതിരെ ശക്തമായ വികാരം കേരളത്തിൽ നിലനിന്നിരുന്നു.
ശബരിമല
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ഒരുപക്ഷം വിശ്വാസികളുടെ വികാരത്തെ ഹനിച്ചുവെന്ന് വ്യക്തമാണ്. എന്നാൽ ഈ വിഷയത്തിലുള്ള വോട്ടുകൾ ലഭിച്ചത് യു.ഡി.എഫിനാണെന്ന് വേണം അനുമാനിക്കാൻ. ശബരിമല വിഷയത്തിൽ ബി.ജെ.പി സമരവുമായി മുന്നിലുണ്ടായിരുന്നെങ്കിലും സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ളവരുടെ ചില പ്രസ്‌താവനകൾ തിരിച്ചടിയായി.