bjp
ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം

ന്യൂ‌ഡൽഹി : ഇന്ത്യയിൽ ഏറ്രവും അധികം ലോക് ‌സഭാംഗങ്ങളെ പ്രദാനം ചെയ്യുന്ന യു.പിയിൽ ബി.ജെ.പിയെ തളയ്ക്കുകയായിരുന്നു പ്രതിപക്ഷ ലക്ഷ്യം. 80 സീറ്രുകളുള്ള യു.പിയിൽ 72 സീറ്രാണ് കഴി‌ഞ്ഞ തവണ ബി.ജെ.പി നേടിയത്. യു,പിൽ ബി.ജെ.പി യെ പിടിച്ചുകെട്ടിയാൽ രാജ്യത്ത് എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം കിട്ടുന്നതൊഴിവാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ . എന്നാൽ ഇതെല്ലാം പിഴയ്ക്കുകയായിരുന്നു. ദേശീയ തലത്തിൽ കൂടുതൽ സീറ്രുകൾ നേടാൻ ബി.ജെ.പിയെ സഹായിച്ചതും യുപിയിലെ 57ഓളം സീറ്രുകളാണ്.

ബദ്ധവൈരികളായ സമാജ് വാദി പാർട്ടിയും ബി.എസ്. പിയും ഒരുമിച്ചിട്ടും കാര്യമായി മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതേ സമയം റായ്ബറേലിയിലും അമേതിയിലും മാത്രം സ്ഥാനാർത്ഥികളെ നിറുത്താതിരുന്ന മഹാസഖ്യം കോൺഗ്രസിനെ തങ്ങളുടെ കൂടെ കൂട്ടിയില്ല. പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയതോടെ കോൺഗ്രസും സജീവമായി. 2014ലെ കണക്കുകൾ വച്ച് കൂടുതൽ സീറ്റ് നേടാമെന്ന മഹാസഖ്യത്തിന്റെ പ്രതീക്ഷയും തകർന്നു. രാഷ്ട്രീയത്തിൽ രണ്ടും രണ്ടും നാലല്ല എന്നു തെളിയിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്.

ഒ.ബി.സിക്കാർക്ക് സ്വാധീനമുള്ള എസ്. പി.യും പട്ടികജാതിക്കാർക്ക് സ്വാധീനമുള്ള ബി.എസ്. പിയും പടിഞ്ഞാറൻ യുപിയിൽ സ്വധീനമുള്ള അജിത് സിംഗും ചേർന്നാൽ ബി.ജെ.പി യെ തറപറ്രിക്കാമെന്നായിരുന്നു പ്രതിപക്ഷ ധാരണ.എന്നാൽ ജാതിസമവാക്യങ്ങളെ പൊളിച്ചും വികസന കാർഡിറക്കിയും നരേന്ദ്രമോദി നേരിട്ട് പ്രചാരണത്തിനിറങ്ങിയതോടെ യുപി.യിലെ സ്ഥിതിഗതികൾ മാറി.

ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ തവണ ലഭിച്ച സീറ്ര് തങ്ങൾക്ക് യുപിയിൽ കിട്ടില്ലെന്ന് ബി.ജെ.പിക്കറിയാമായിരുന്നു. അതു മറികടക്കുന്ന രീതിയിൽ ഒറീസയിലും ബംഗാളിലും നിന്ന് ഈ കുറവ് നികത്താൻ ബി.ജെ.പിക്ക് കഴിയുകയും ചെയ്തു. അമേതിയിൽ രാഹുൽ ഗാന്ധിയെ പ്പോലും വെള്ളംകുടിപ്പിക്കുന്ന രീതിയിലായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി സ്‌മൃതി ഇറാനിയുടെ പ്രകടനം.