ബംഗളൂരു: ഒരു വർഷം മുമ്പ് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപ്പെടുത്തി കോൺഗ്രസ് - ജെ.ഡി.എസ് സഖ്യം അധികാരത്തിലേറിയ കർണാടകയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബി.ജെ.പിക്ക് വൻ മുന്നേറ്റം. സംസ്ഥാനത്തെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. മുൻ പ്രധാനമന്ത്രി എച്.ഡി.ദേവഗൗഡയും, ചെറുമകൻ നിഖിലും പരാജയഭീതിയിലാണെന്നാണ് വിവരം. ആകെയുള്ള 28 സീറ്റുകളിൽ 23ലും ബി.ജെ.പി സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷം മുന്നിൽ നിൽക്കുന്നുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ അഞ്ച് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് -ജെ.ഡി.എസ് സഖ്യത്തിന് മുന്നിലെത്താനായത്. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ കോൺഗ്രസിന്റെ ബി.കെ.ഹരിപ്രസാദിനെതിരെ ബി.ജെ.പിയുടെ തേജസ്വി സൂര്യ ഏറെ മുന്നിലാണ്.
അതേസമയം, സംസ്ഥാനത്ത് ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാർ താഴെ വീഴുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 20 കോൺഗ്രസ് എം.എൽ.എമാർ തങ്ങൾക്കൊപ്പം ചേരുമെന്ന് ബി.ജെ.പി അവകാശപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളും ആരംഭിച്ച് കഴിഞ്ഞതായാണ് വിവരം. സഖ്യസർക്കാരിനകത്തുള്ള പടലപ്പിണക്കം തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ പരസ്യമാകുമെന്നും ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ കണ്ണിലെ കൃഷ്‌ണ മണി പോലെ സർക്കാരിനെ കാക്കുമെന്നാണ് ജെ.ഡി.എസ് - കോൺഗ്രസ് നേതാക്കൾ പറയുന്നത്. അവസാനം വരെ ഒരുമിച്ച് നിൽക്കുമെന്നും ഇവർ പറയുന്നു.