കോഴിക്കോട്: വോട്ടെണ്ണൽ പുരോഗമിക്കവെ ഒളിക്യാമറാ വിവാദത്തിലും ഉലയാതെ വ്യക്തമായ ലീഡ് നിലനിറുത്തി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ. 247279 വോട്ടുകളാണ് ഇതുവരെ രാഘവൻ നേടിയത്. സി.പി.എമ്മിന്റെ എ.പ്രദീപ് കുമാറിന് 197653 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ പ്രകാശ് ബാബുവിന് 80640 വോട്ടുകളാണ് നേടാനായത്.
പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയായിരുന്നു തനിക്കെന്ന് എം.കെ രാഘവൻ പ്രതികരിച്ചു. സർക്കാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് ഉപദ്രവിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട്ടെ ജനങ്ങൾ തനിക്കൊപ്പം നിന്നു. യു.ഡി.എഫ് ഒരുമിച്ചു നിന്നതിന്റെ ഫലമാണിതെന്നും രാഘവൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ചെലവുകൾക്കായി അഞ്ച്‌കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട്, പണം കൈമാറാൻ തന്റെ ഓഫീസുമായി ബന്ധപ്പെടാൻ രാഘവൻ ആവശ്യപ്പെടുന്നിതന്റെ ദൃശ്യങ്ങളാണ് ഒരു ഹിന്ദി ചാനൽ പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതുവിൽ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽവോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ രാഘവൻ ലീഡ് ഉറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.