raga

ന്യൂഡൽഹി: കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ലോക്‌സഭയിലെ പ്രതിപക്ഷ സ്ഥാന പദവി കോൺഗ്രസിന് ഇക്കുറിയും ലഭിച്ചേക്കില്ലെന്ന് സൂചന. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാകാൻ ചുരുങ്ങിയത് 54 സീറ്റുകളെങ്കിലും വേണം. എന്നാൽ നിലവിൽ 51 സീറ്റുകളിൽ മാത്രമേ കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നുള്ളൂ. ഇതിന് പുറമെ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേത്തിയിൽ നടത്തിയ ദയനീയ പരാജയവും കോൺഗ്രസിന് തിരിച്ചടിയാണ്.

ബാക്കിയിടത്തെല്ലാം ബി.ജെ.പി അടക്കമുള്ള സ്ഥാനാർത്ഥികൾ ഉയർത്തിയ വെല്ലുവിളി കോൺഗ്രസിന് നേരിടാനായില്ലെന്ന് വേണം കരുതാൻ. അതേസമയം,​ ബി.ജെ.പി തങ്ങളുടെ മുന്നേറ്റം തുടരുകയാണ്. ഇപ്പോൾ ഏതാണ്ട് 342 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ തമിഴ്നാടിൽ ഡി.എം.കെ മുന്നേറ്റമാണ് കണ്ടത്. തൂത്തുക്കുടിയിൽ കനിമൊഴി വൻ മുന്നേറ്റമാണ് നടത്തുന്നത്. തൊട്ടു പിന്നിലുള്ളത് ബി.ജെ.പിയുടെ തമിഴിസൈ സൗന്ദരരാജനാണ്. ചെന്നൈയിൽ ഡി.എം.കെ കോട്ടയായി മാറിയിരിക്കുകയാണ്. ചെന്നൈ സെൻട്രലിൽ ദയാനിധിമാരനും ഏറെ മുന്നിലാണ്. ഇതിനിടെ തമിഴ്നാട്ടിൽ പോസ്റ്റൽ വോട്ട് എണ്ണുനിടത്തു നിന്നും മാദ്ധ്യമപ്രവർത്തകരെ വിലക്കിയത് നേരിയ സംഘർഷത്തിനിയാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ തേരോട്ടം കാണാൻ കഴിഞ്ഞെങ്കിൽ ഇത്തവണ ഡി.എം.കെയുടെ ആധിപത്യമാണ് ആദ്യ സൂചനകൾ പുറത്തു വരുമ്പോൾ മനസിലാകുന്നത്. ജയലളിതയുടെ അഭാവം എ.ഐ.എ.ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടിയേൽപ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയ്ക്ക് ഒരു സീറ്റിൽ പോലും മുന്നേറ്റമില്ല.

അതേസമയം കർണാടകയിൽ ബി.ജെ.പി മുന്നേറ്റമാണ് പ്രകടമാകുന്നത്. വളരെ പിന്നിലുള്ള ജെ.ഡി.എസും കോൺഗ്രസും ഞെട്ടലിലാണ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് ആന്ധ്രാപ്രദേശിൽ ശക്തമായ മുന്നേറ്റത്തിലാണ്. എന്നാൽ തെലുങ്കു ദേശം പാർട്ടി 25 സീറ്റിൽ രണ്ടു സീറ്റുകളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇത് ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന് കനത്ത തിരിച്ചടിയേകിയിരിക്കുകയാണ്. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസ് തൂത്തുവാരുമെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്. 17 സീറ്റിൽ മൂന്നെണ്ണത്തിൽ ബി.ജെ.പി ലീഡ് തുടരുകയാണ്.