ഭോപ്പാൽ : മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി, വാ തുറന്നാൽ വർഗീയത മാത്രമേ പറയൂ, തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ വിവാദപ്രസ്താവനകൾ പലതും നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നേരിട്ടു. എന്നിട്ടും ഭോപ്പാലിലെ ജനങ്ങൾക്ക് ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞാ സിംഗ് താക്കൂറിനോടാണ് പ്രിയം. മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെക്കാൾ വോട്ടുകളുടെ ലീഡ് നേടിയാണ് പ്രജ്ഞാ വിജയം കൈപ്പിടിയിലൊതുക്കിയത്.
2008-ലെ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ ഭോപ്പാലിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.
നാഥുറാം ഗോഡ്സെ ദേശസ്നേഹിയാണെന്ന പ്രജ്ഞാസിംഗിന്റെ ഒടുവിലത്തെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നിവൃത്തികെട്ട് ബി.ജെ.പി.യും നരേന്ദ്രമോദിയും വരെ പ്രജ്ഞയെ തള്ളിപ്പറഞ്ഞു. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മിന്നുന്ന വിജയം പാർട്ടിക്ക് സ്വന്തമാക്കിയ പ്രജ്ഞയെ ഇരുകൈയും നീട്ടി വരവേൽക്കുകയാണ് ബി.ജെ.പി. 1989മുതൽ ബി.ജെ.പിയുടെ ഉറച്ച തട്ടകമാണ് ഭോപ്പാൽ. ബി.ജെ.പി കാവി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പതിവായി വിമർശിക്കുന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ്സിംഗിനെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും പാളിപ്പോയി.