തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം അനുകൂലമായി ഉപയോഗിക്കാൻ സാധിക്കാത്തതിൽ നിലപാട് പരസ്യമാക്കി ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ. ഒരു ചാനൽ ചർച്ചയ്‌ക്കിടെയാണ് ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ സാധിക്കാത്തത് പരാജയകാരണമായെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
‘ഞങ്ങൾ കോരിവച്ച വെള്ളം കോൺഗ്രസ് എടുത്തുകൊണ്ട് പോയി’ എന്നാണ് ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ എതിർത്തുകൊണ്ട് ബി.ജെ.പി നടത്തിയ പ്രക്ഷോഭങ്ങൾ ഗുണം ചെയ്‌തത് കോൺഗ്രസിനാണെന്നാണ് ബി.ജെ.പി നേതാക്കൾ വിലയിരുത്തുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന കണക്കു കൂട്ടലിലായിരുന്നു ബി.ജെ.പി നേതാക്കൾ.
എന്നാൽ, ഇക്കുറിയും ഒരു സീറ്റ് പോലും കേരളത്തിൽ നേടാൻ ബി.ജെ.പിയ്‌ക്ക് സാധിച്ചില്ല. ഇരുപത് സീറ്റുകളിൽ 19 സീറ്റും യു.ഡി.എഫാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ആലപ്പുഴയിൽ മാത്രമാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്.