ആലത്തൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസിനെ കോൺഗ്രസ് പ്രഖ്യാപിക്കുമ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിചാരിച്ചുകാണില്ല ഇത്ര വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന്. മണ്ഡലം രൂപീകരിച്ച കാലം മുതൽ സി.പി.എം ജയിച്ച കോട്ടയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് രമ്യ ഹരിദാസ് എത്തിയത്. രമ്യയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ വൻ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നതോടെ ആലത്തൂർ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി. കൂടാതെ പ്രചാരണത്തിൽ രമ്യയ്ക്ക് മുൻതൂക്കം ലഭിക്കുന്നുവെന്നു തോന്നിയതോടെ സോഷ്യൽ മീഡിയ വഴി രമ്യയ്ക്കെതിരെ ആക്രമണം തുടങ്ങിയതും ശ്രദ്ധേയമായി.
രമ്യ ഹരിദാസിനെതിരെ ആദ്യമായി വിമർശനം ഉന്നയിച്ചത് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ്. അദ്ദേഹത്തിന്റെ പരമർശം തന്നെ വേദനിപ്പിച്ചെന്നും നവോത്ഥാനം പ്രസംഗിക്കുന്ന ആളുകളിൽനിന്ന് ഇത്തരം പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും വ്യക്തമാക്കിയ രമ്യ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയിരുന്നു.
2009 ൽ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ 20,960 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ബിജു ജയിച്ചു കയറിയത്. 2014 ൽ 37,312 വോട്ടായിരുന്നു പി.കെ.ബിജുവിന്റെ ലീഡ്. എന്നാൽ അതിലേറെ വോട്ടിന്റെ ലീഡിലാണ് രമ്യ ഇപ്പോൾ. 1,58302 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യയ്ക്ക് ലഭിച്ചത്.