namo

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം വട്ടവും ദേശീയ തലത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം. കേരളത്തിൽ ഭൂരിഭാഗം സീറ്റുകളിലും ജയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് സ്ഥാനം പോലും അവകാശപ്പെടാൻ കഴിയാത്ത വിധത്തിൽ ഒതുങ്ങിപ്പോയത് അക്ഷരാർത്ഥത്തിൽ കോൺഗ്രസിന്റെ തോൽവിയാണ്. കോൺഗ്രസ് വിമുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിന് അടിത്തറ പകരുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് പറയേണ്ടി വരും. കോൺഗ്രസും പ്രതിപക്ഷവും ശക്തമായ പ്രതിരോധം ഉയർത്തിയിട്ടും കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഇത് ഇരട്ടി മധുരവുമാണ്. അതേസമയം, അമിതമായ ആത്മവിശ്വാസവും സഖ്യകക്ഷികളെ കൂട്ടാതെ തിരഞ്ഞെടുപ്പിനെ നേരിട്ടതുമാണ് കോൺഗ്രസിന് തിരിച്ചടിയായതെന്ന് തിരഞ്ഞെടുപ്പ് വിലയിരുത്തർ പറയുന്നു. ഇത്തരത്തിൽ കോൺഗ്രസിന് തിരിച്ചടിയായ ചില കാര്യങ്ങൾ പരിശോധിക്കാം.

ദേശീയ അടിസ്ഥാനത്തിൽ സഖ്യമില്ലാതെ മത്സരിച്ചു

പ്രാദേശിക അടിസ്ഥാനത്തിൽ ചില കൂട്ടായ്‌മകൾ രൂപീകരിച്ചതൊഴിച്ചാൽ ദേശീയ തലത്തിൽ മുന്നണി രൂപീകരിക്കാൻ കോൺഗ്രസിന് സാധികാതെ പോയത് ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചടിയായി. തമിഴ്നാട്ടിൽ ഡി.എം.കെയുമായും കർണാടകയിൽ ജെ.ഡി.എസുമായും മഹാരാഷ്ട്രയിൽ എൻ.സി.പിയുമായും കൂട്ടുകൂടിയത് ഒഴിച്ചാൽ മറ്റിടത്തെല്ലാം സഖ്യം രൂപീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഉത്തർപ്രദേശിൽ എസ്.പി - ബി.എസ്.പി സഖ്യവുമായും രാജസ്ഥാൻ, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിയുമായും നീണ്ട ചർച്ചകൾ നടത്തിയെങ്കിലും മുന്നണി രൂപീകരിക്കാൻ കോൺഗ്രസിന് കഴിയാത്തതും തിരിച്ചടി.

അമിത ആത്മവിശ്വാസം

നരേന്ദ്ര മോദിക്കെതിരെ രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സിംപിളായി ഭരണം പിടിക്കാമെന്നും കോൺഗ്രസ് വിചാരിച്ചുവെന്ന് വേണം കരുതാൻ. വ്യക്തമായ ഗെയിം പ്ലാനില്ലാതെ സ്ഥാനാർത്ഥി നിർണയം നടത്തിയതും പ്രതിപക്ഷത്തിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ നിറുത്തിയതും തിരിച്ചടിയായി.

മോദിയെ എതിരിടാൻ പറ്റിയൊരു നേതാവില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു അതികായനെ മുന്നിൽ നിറുത്തി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ അതിനെ എതിരിടാൻ ഉതകുന്ന നേതാവിനെ രംഗത്തിറക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മോദി ഭരണത്തിന്റെ അവസാന കാലത്ത് രാഹുൽ ഗാന്ധി മോദിക്ക് പകരക്കാരനാകുമെന്ന രീതിയിൽ വളർന്നുവെങ്കിലും സാധാരണ വോട്ടർമാരിലേക്ക് ഈ സന്ദേശമെത്തിക്കാനായില്ല. പപ്പുവെന്ന വിളിപ്പേര് തനിക്ക് ചേരുന്നതല്ലെന്ന് പലതവണ രാഹുൽ തെളിയിച്ചെങ്കിലും ശരിയായ രീതിയിൽ ഉപയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് വേണം കരുതാൻ.

ന്യൂനപക്ഷമേഖലയിലേക്ക് ഒളിച്ചോടി

അമേത്തിയിലെ തന്റെ മണ്ഡലത്തിൽ നിന്നും സുരക്ഷതികേന്ദ്രം തേടി വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന പ്രചാരണം ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഹിന്ദുഭൂരിപക്ഷത്തെ പേടിച്ചിട്ടാണ് രാഹുലിന്റെ പിന്മാറ്റമെന്ന് ബി.ജെ.പി നേതാക്കൾ ആക്ഷേപിച്ചിട്ടും കൃത്യമായ മറുപടി കൊടുക്കാൻ കോൺഗ്രസിന് കഴിയാത്തത് വൻ തിരിച്ചടിയാണ്.

ബി.ജെ.പിയുടെ അജൻഡയിൽ കോൺഗ്രസ് വീണു

രാജ്യത്തെ സാധാരണക്കാർ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ബി.ജെ.പി നേതാക്കന്മാർ നടത്തിയ ചില വിവാദ പ്രസ്‌താവനകളിൽ തൂങ്ങിയും റാഫേൽ അഴിമതി മാത്രം ചൂണ്ടിക്കാട്ടിയുമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൊഴിലില്ലായ്‌മയും കർഷക പ്രശ്‌നങ്ങളും ഉണ്ടായിട്ടും ബി.ജെ.പി ഉയർത്തിയ രാജ്യസുരക്ഷയിലും തീവ്രദേശീയതയിലും തലവയ്‌ക്കാനായിരുന്നു കോൺഗ്രസിന്റെ വിധി.

എണ്ണയിട്ട യന്ത്രം പോലെ ബി.ജെ.പി, തന്ത്രം മെനഞ്ഞ് ചാണക്യൻ

ഒരു ഭാഗത്ത് കൃത്യമായ ആസൂത്രണമോ പ്ലാനുകളോ ഇല്ലാതെ കോൺഗ്രസും പ്രതിപക്ഷവും തങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോയപ്പോൾ അധികാരത്തിലേറിയത് മുതൽ രണ്ടാമൂഴം തേടി ബി.ജെ.പി പ്രവർത്തനം തുടങ്ങിയിരുന്നു. ആർ.എസ്.എസിന്റെ ചിട്ടയായ സംഘടനാ ചട്ടക്കൂടിൽ നിന്ന് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ രാജ്യമാകെ പ്രവർത്തകർ ഉള്ളപ്പോൾ ബി.ജെ.പിക്ക് ഇത് എളുപ്പവുമാണ്.