sasi-taroor

തിരുവനന്തപുരം: സെഞ്ച്വറി അടിച്ചിട്ടും തങ്ങളുടെ ടീം തോറ്റതു പോലെയാണ് തോന്നുന്നതെന്ന പ്രതികരണവുമായി തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനേക്കാൾ 51730 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയത്തോടടുക്കവെയാണ് തരൂരിന്റെ പ്രതികരണം.

'വലിയ സന്തോഷം. കഴിഞ്ഞ തവണ ഒരു ടി 20 മാച്ച് പോലെയായിരുന്നു മത്സരം. ഇത്തവണ തോന്നുന്നത് സെഞ്ച്വറി അടിച്ചു, പക്ഷേ ഞങ്ങളുടെ ടീം തോറ്റു പോയി എന്നാണ്'- ശശി തരൂർ പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ കേരളം ഏറ്റവുമധികം ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബി.ജെ.പിയും ഏറെ പ്രതീക്ഷയിൽ തന്നെയായിരുന്നു. ഇതു മുന്നിൽ കണ്ടുകൊണ്ടാണ് മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനെ രാജിവയ്‌പ്പിച്ച് കേന്ദ്ര നേതൃത്വം തലസ്ഥാനത്തിറക്കിയത്. എക്‌സിറ്റ് പോളുകളും കുമ്മനത്തിനാണ് വിജയം പ്രവചിച്ചിരുന്നത്. എന്നാൽ തിരുവന്തപുരത്തും, പത്തനംതിട്ടയിലും ബി.ജെ.പി തോൽവി ഏറ്റുവാങ്ങുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നത്.