kodiyeri

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാജ്യം ഒരു മഹാദുരന്തത്തിലേക്കാണ് പോകുന്നതെന്നതിന്റെ സൂചനയാണ് ദേശീയ തലത്തിൽ ബി.ജെ.പിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ പോർക്കളത്തിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ പരാജയം താൽക്കാലികമാണ്. ഒരു തരംഗം വരുമ്പോൾ മറ്റ് കാര്യങ്ങൾ മറക്കും. ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്ന പ്രചരണമാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏറ്റവും കൂടുതൽ ഉന്നയിച്ചത്. അത് കേരളത്തിലെ കോൺഗ്രസിന് തുണയായി​​​​- കോടിയേരി പറഞ്ഞു. ഈ പരാജയത്തിന് അടിസ്ഥാനപരമായ കാരണങ്ങൾ എന്തെല്ലാമാണെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,​ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തിൽ 19 സീറ്റ് നേടാനായതിൽ കോൺഗ്രസിന് ആശ്വസിക്കാം. ഇരുപതിടത്ത് വിജയിക്കുമെന്നാണ് നേതൃയോഗത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതെങ്കിലും ആലപ്പുഴ മാത്രം കൈവിട്ടു. ആലപ്പുഴയിൽ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിൽ നേട്ടമുണ്ടാക്കാനായെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി മുന്നേറ്റമുണ്ടാക്കിയത് കോൺഗ്രസിന് തിരിച്ചടിയാണ്. നേതൃയോഗത്തിനിടെ തന്റെ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന് തുറന്ന് പറഞ്ഞ തൃശൂരിലെ സ്ഥാനാർത്ഥി ടി.എൻ.പ്രതാപനും പാർട്ടിക്കാർ പോലും കൈവിട്ട പാലക്കാട് വി.കെ.ശ്രീകണ്‌ഠനും നേടിയ അപ്രതീക്ഷിത വിജയവും കൗതുകമായി.