തിരുവനന്തപുരം: കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ മാറണമെന്ന രീതിയിൽ ഇടതുപക്ഷം നടത്തിയ വിഷലിപ്‌തമായ പ്രചാരണം കോൺഗ്രസിന് അനുകൂലമായെന്ന് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പ്രതികരണം. ശബരിമലയിൽ സംസ്ഥാന സർക്കാരും സി.പി.എമ്മും സ്വീകരിച്ച തെറ്റായ നിലപാടുകൾക്ക് ഇപ്പോൾ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ചരിത്രത്തിൽ ബി.ജെ.പിക്ക് പത്തനംതിട്ട മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ഇരട്ടി വോട്ട് അധികം ലഭിച്ചു. കഴിഞ്ഞ തവണ 1,38000 വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചതെങ്കിൽ ഇന്നത് മൂന്ന് ലക്ഷം വോട്ടായി വർദ്ധിച്ചിരിക്കുന്നു. അടൂർ, കോന്നി നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ മുന്നേറ്റം ആവർത്തിക്കും. പിണറായിയുടെ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഭയന്ന് ഭൂരിപക്ഷ സമുദായ അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.