naidu

ഹൈദരാബാദ്: ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കിയപ്പോൾ കക്ഷത്തിലുള്ളത് വീണുപോയ ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് ഈ തിരഞ്ഞെടുപ്പിലെ ദയനീയമുഖം. ഫലംവരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മോദിയെ വീഴ്ത്താൻ രാജ്യം മുഴുവൻ നായിഡു ഓടിനടന്നത്. ഒടുവിൽ ഫലംവന്നപ്പോൾ ക്ഷീണംമാത്രം മെച്ചം. നഷ്ടങ്ങളും ഏറെ.

നിയമസഭാ - ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടന്ന സംസ്ഥാനത്ത് ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് കൃത്യമായ മേൽക്കൈയാണ് നേടിയെടുത്തത്. സഖ്യസാദ്ധ്യതകളുമായി അവസാന നിമിഷം ദേശീയനേതാക്കളെ കാണാൻ ഇറങ്ങിപ്പുറപ്പെട്ട നായിഡുവിന് സംസ്ഥാനത്തെ സീറ്റുകൾ ചോർന്നുപോയത് നിയന്ത്രിക്കാൻ പറ്റിയില്ല. ഫലമോ,​ ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ 152ഉം വൈ.എസ്.ആറിന്റെ അക്കൗണ്ടിലായി. 22 സീറ്റുകൾ മാത്രമാണ് ഭരണകക്ഷിയായ ടി.ഡി.പിക്ക് നേടാനായത്. ലോക്‌സഭാ മണ്ഡലങ്ങളുടെ കാര്യത്തിൽ ടി.ഡി.പിക്ക് ആകെയുള്ള 25 സീറ്റുകളിൽ ഒരേയൊരു സീറ്റ് മാത്രമാണ് നേടാനായത്.

സഖ്യസാദ്ധ്യതകൾ തുറന്നിട്ട് രാഹുൽ ഗാന്ധി,​ അരവിന്ദ് കേജ്‌രിവാൾ,​ മമതാ ബാനർജി,​ ശരത് പവാർ,​ ശരത് യാദവ്,​ അഖിലേഷ് യാദവ് എന്നിങ്ങനെ പ്രതിപക്ഷത്തെ ഒട്ടുമിക്ക നേതാക്കളെയും നായിഡു അങ്ങോട്ടുപോയി കണ്ടിരുന്നു. ഇതിൽ പലരെയും ഒന്നിലധികം തവണ കണ്ടു. എന്നിട്ടും രക്ഷയുണ്ടായില്ല. സഖ്യമുണ്ടായില്ലെന്ന് മാത്രമല്ല,​ ഒറ്റയ്ക്ക് തന്നെ ഭരിക്കാനുള്ള മൃഗീയ ഭൂരിപക്ഷം ബി.ജെ.പി നേടിയെടുക്കുകയും ചെയ്തു.

 പ്ലാനുകൾ പൊളിഞ്ഞ് നായിഡു

എൻ.ഡി.എ സർക്കാരിൽ ഘടകകക്ഷിയായിരുന്ന ടി.ഡി.പി 2018 മാർച്ചിലാണ് പിന്തുണ പിൻവലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് എൻ.ഡി.എ വിട്ടത്. കോൺഗ്രസും ടി.ഡി.പിയും ഒറ്റയ്ക്ക് മത്സരിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ ഒന്നിക്കാമെന്നുമായിരുന്നു ധാരണ. എന്നാൽ,​ ഇനി ഒന്നിച്ചുനിന്നിട്ടും ഇരുകൂട്ടർക്കും വലിയ പ്രയോജനങ്ങളൊന്നും തന്നെ ലഭിക്കാൻ പോകുന്നില്ല.