1

കോഴിക്കോട്: എം.കെ. രാഘവനെതിരെ ഉയർന്ന ഒളികാമറ വിവാദവും യു.‌‌ഡി.എഫ് സുനാമിയിൽ ഒഴുകിപ്പോയി. ഇടത് മുന്നണിക്ക്‌ ഏറെ പ്രതീക്ഷ നൽകിയതായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എം.കെ. രാഘവനെതിരെ ഉയർന്നുവന്ന ഒളികാമറ വിവാദം. രാഘവന്റെ മൂന്നാമൂഴം തടയാൻ ഇടത് മുന്നണി ഇത് ആയുധമാക്കി. തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം ഈ വിഷയം കത്തിക്കയറിയപ്പോൾ പൊട്ടിക്കരയുകയായിരുന്നു രാഘവൻ. ഇടത് മുന്നണി കോഴിക്കോട് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് റിയാസ് പരാതി നൽകിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി.

എം.കെ. രാഘവനെ സമ്മർദ്ദത്തിലാക്കാൻ വോട്ടെടുപ്പിന്റെ തലേ ദിവസം തിരക്കുപിടിച്ച് നടക്കാവ് പൊലീസ് കേസും രജിസ്റ്റർ ചെയ്തു. കേസ് എടുത്താൽ കുറ്റവാളി എന്ന നിലയിൽ എം.കെ. രാഘവനെ പൊതുജനങ്ങൾ കാണുമെന്നും ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നുമായിരുന്നു ഇടത് മുന്നണിയുടെ വിലയിരുത്തൽ. പക്ഷേ, ജനകീയ കോടതി കൂടുതൽ ഭൂരിപക്ഷം നൽകി എം.കെ. രാഘവന് അനുകൂലമായി വിധിയെഴുതുകയായിരുന്നു.