ഭുവനേശ്വർ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒഡിഷയിൽ തുടർച്ചയായി അഞ്ചാം തവണയും അധികാരം ഉറപ്പിച്ച് മുഖ്യമന്ത്രി നവീൻ പട്നായിക്. സിക്കിം മുഖ്യമന്ത്രി പവാൻ ചാംലിങ്, പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതി ബാസു എന്നിവരെപ്പോലെ 'അഞ്ചു തവണ മുഖ്യമന്ത്രി' എന്ന റെക്കാഡിലേക്കാണ് നവീൻ പട്നായിക്കിന്റെ യാത്ര.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 147 മണ്ഡലങ്ങളിൽ 101 സീറ്റിലും നവീന്റെ ബിജു ജനതാദൾ ലീഡ് നേടി. 30 സീറ്റിൽ ബി.ജെ.പിയും 11 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്.
ബി.ജെ.ഡിയും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാനമത്സരം. രണ്ട് മണ്ഡലത്തിൽ പട്നായിക് മത്സരിച്ചു. മത്സരിച്ച ബിജേപൂരിലും ഹിൻഡജിലിലും നവീൻ പട്നായിക് തന്നെയാണ് മുന്നിൽ.
ലോക്‌സഭ തിരഞ്ഞെടുപ്പിലും ബി.ജെ.ഡി മേൽക്കൈ നേടി. 21 സീറ്റിൽ 14 ഇടത്ത് ബി.ജെ.ഡിയും ഏഴിടത്ത് ബി.ജെ.പിയും മുന്നിട്ട് നിൽക്കുകയാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 117 സീറ്റുകളാണ് ബി.ജെ.ഡി നേടിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളും ബി.ജെ.ഡി തൂത്തുവാരിയിരുന്നു. ബി.ജെ.പി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസ് സംപൂജ്യരായി.
നവീൻ ബാബുവിന് മോദിയുടെ അഭിനന്ദനം
രണ്ട് പതിറ്റാണ്ടായി ഒഡിഷ ഭരിക്കുന്ന നവീൻ പട്നായിക്കിന്, അടുത്തിടെ ബി.ജെ.പിയോട് ചായ്‌വുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മികച്ച വിജയം നേടിയ 'നവീൻബാബുവിനെ' അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തതോടെ ബി.ജെ.ഡി - ബി.ജെ.പി സഖ്യമുണ്ടാകുന്നുവെന്ന സൂചനകൾ ശക്തമായി. ഫോനി ചുഴലിക്കാറ്റ് സമയത്ത് അകമഴിഞ്ഞ കേന്ദ്രസഹായം മോദി ഒഡിഷയ്ക്ക് നൽകിയിരുന്നു. തുടർന്നാണ് നവീൻ- മോദി ബന്ധം ശക്തമായത്.
2007ലാണ് ക്രിസ്ത്യൻ വർഗീയ കലാപങ്ങളെ തുടർന്ന് നവീൻ 11 വർഷത്തെ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
ഒരു ജീവൻമരണപോരാട്ടം എന്ന നിലയിൽ കോൺഗ്രസ് മഹാസഖ്യം രൂപീകരിച്ചെങ്കിലും ഏശിയില്ല.