1. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളെയും മറികടന്ന വിജയവുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിറുത്തി തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എ 340 സീറ്റുകളില്‍ ലീഡു ചെയ്യുക ആണ്. കോണ്‍ഗ്രസ് ഇക്കുറിയും തകര്‍ന്ന് അടിഞ്ഞു. 92 സീറ്റുകളില്‍ മാത്രമാണ് യു.പി.എ ലീഡ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഭേദമാണിത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, ബീഹാര്‍, ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ എന്‍.ഡി.എ തൂത്തുവാരി. ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും എന്‍.ഡി.എ മികച്ച പ്രകടനം നടത്തി.
2. രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്നാണ് സൂചന. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരോട് ഡല്‍ഹിയില്‍ എത്താനും ബി.ജെ.പി നേതൃത്വം നിര്‍ദ്ദേശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവും മന്ത്രിസഭയിലെ രണ്ടാമന്‍ എന്നും വിവരമുണ്ട്. മോദി ഇന്ന് ആറ് മണിക്ക് മാദ്ധ്യമങ്ങളെ കാണും
3. നരേന്ദ്രമോദി വാരണാസിയിലും അമിത് ഷാ ഗാന്ധി നഗറിലും കൂറ്റന്‍ വിജയം നേടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ 3ലക്ഷത്തില്‍ പരം വോട്ടിന് ലീഡ് ചെയ്യുമ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിക്കും പിന്നില്‍ ആണ്. തെലുങ്കാനയില്‍ ടി.ആര്‍.എസും ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തൂത്തുവാരി. ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയം നേടി. പ്രതിപക്ഷ നേതൃസ്ഥാനം ഇക്കുറിയും കോണ്‍ഗ്രസിന് ലഭിക്കാന്‍ ഇടയില്ല
4. രാജ്യത്തെ വമ്പന്‍ വിജയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. ഇന്ത്യ വീണ്ടും വിജയിച്ചു എന്ന് പ്രധാനമന്ത്രി. ഒന്നിച്ചു വളരാം ഒരുമിച്ച് സമൃദ്ധി നേടാം. എല്ലാവരും ഒരുമിച്ച് കരുത്തുറ്റ രാജ്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാജ്യമെമ്പാടും കോണ്‍ഗ്രസിന് തറപറ്റിച്ച് വിജയത്തിലേക്ക് അടുക്കുന്നതിനിടെ ആണ് മോദിയുടെ പ്രതികരണം. അല്‍പ്പസമയത്തിനകം പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തിയ ശേഷം ബി.ജെ.പി പാര്‍ലമെന്ററി യോഗം ചേരും.
5. ചെങ്കോട്ടകള്‍ തകര്‍ത്ത് കേരളത്തില്‍ യു.ഡി.എഫിന്റെ പടയോട്ടം. 20-ല്‍ 19 ഇടത്തും യു.ഡി.എഫ് വിജയം ഉറപ്പിച്ചത് വ്യക്തമായ ഭൂരിപക്ഷത്തോടെ. വയനാട്ടില്‍ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക് അടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊട്ടുപിന്നില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ശശി തരൂര്‍ 20,000ത്തോളം വോട്ടുകള്‍ക്ക് മുന്നില്‍. സിറ്റിംഗ് എം.പി എ. സമ്പത്തിനെ പിന്തള്ളി ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് 25,000 വോട്ടുകള്‍ക്ക് മുന്നില്‍
6. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും ബി.ജെ.പിയുടെ പ്രിസ്റ്റീജ് മണ്ഡലമായ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി ആന്റോ ആന്റണിയും. മാവേലിക്കരയില്‍ ആദ്യഘട്ടത്തില്‍ പരാജയം പ്രവചിച്ചിരുന്ന കൊടിക്കുന്നില്‍ സുരേഷ് 40,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് മത്സരം നടന്ന ആലപ്പുഴയില്‍ നേരിയ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫ് ലീഡ് ചെയ്യുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ ആരലക്ഷം ഭൂരിപക്ഷത്തിനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ഒരുലക്ഷത്തിന്റെ ഭൂരിപക്ഷത്തിലും വിജയം ഉറപ്പിച്ചു
7. എറണാകുളത്ത് ഹൈബി ഈഡന്‍ ഒരുലക്ഷം ഭൂരിപക്ഷം കടന്നപ്പോള്‍ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ 65000 ഭൂരിപക്ഷം കുറിച്ചു. തൃശൂര്‍ ടി.എന്‍ പ്രതാപന്‍ പിടിച്ചപ്പോള്‍ ആലത്തൂരില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയത് ഒരുലക്ഷത്തില്‍ അധികം ഭൂരിപക്ഷത്തോടെ. സി.പി.എമ്മിന്റെ ഉറച്ചകോട്ടയായ പാലക്കാട് എം.ബി രാജേഷിനെ വെട്ടി വി.കെ ശ്രീകണ്ഠന്‍ മണ്ഡലം പിടിച്ചത് 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിന്
8. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും. വയനാട് രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക്. വടകരയില്‍ പി. ജയരാജനെ തള്ളി കെ. മുരളീധരന്‍ മുന്നേറുന്നത് 60,000ലേറെ വോട്ടിന്. കണ്ണൂര്‍ കെ. സുധാകരനും കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും ലീഡ് ചെയ്യുന്നു
9. കേരളത്തിലെ ഇടതു മുന്നണിയുടെ വമ്പന്‍ തോല്‍വിയില്‍ പ്രതികരിച്ച് നേതാക്കള്‍. ലോക്സഭ തിരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലേത് അപ്രതീക്ഷിത പരാജയം. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടെയും നയങ്ങളില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ്. പരാജയം താതാകാലികമാണ്. പാര്‍ട്ടിയും മുന്നണിയും ശക്തമായി തിരിച്ചുവരും.
10. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യു.ഡി.എഫിന് ഒപ്പം നിന്നതാണ് വന്‍ വിജയത്തിന് കാരണം. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആയില്ലെന്നും കോടിയേരി. കേരളത്തില്‍ മത ധ്രുവീകരണം നടന്നു എന്ന് മന്ത്രി ഇ.പി ജയരാജന്‍. തോല്‍വിയ്ക്ക് കാരണം ശബരിമല മാത്രം എന്ന് പറയാന്‍ കഴിയില്ല. വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരമാണ്. തോല്‍വിയെ കുറിച്ച് വിശദമായ പഠിക്കും. വിപുലമായ ജനകീയ ഐക്യം ഉണ്ടാക്കി എടുത്ത് ഇടതുപക്ഷ മുന്നണി മുന്നോട്ട് പോകുമെന്നും ഇ.പി
11. പാലക്കട് നടന്നത് ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. ബി.ജെ.പിയ്ക്ക് നേട്ടം ഉണ്ടായതായി കാണുന്നില്ലെന്നും രാജേഷ്. വിജയം ഉറപ്പായിരുന്നു എന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍. മതേതര നിലപാടുകള്‍ മുറുകെ പിടിച്ച മണ്ഡലമാണ് തൃശൂര്‍. വര്‍ഗീയതയ്ക്ക് മണ്ഡലം കൈകൊടുക്കില്ലെന്നും പ്രതികരണം