തിരുവനന്തപുരം: വൻ സന്നാഹങ്ങളുമായി മത്സരംഗത്തിറങ്ങിയിട്ടും കേരളത്തിൽ ഇത്തവണയും ബി.ജെ.പി ക്ക് ജയിച്ചുകയറാനായില്ല. ശബരിമല വിഷയത്തിലെ പ്രക്ഷോഭത്തിന്റെ പേരിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിച്ചുകയറാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ . അതോടൊപ്പം പാലക്കാട്, തൃശൂർ മണ്ഡലങ്ങളിലും ബി.ജെ.പി വിജയപ്രതീക്ഷ വച്ചുപുലർത്തിയിരുന്നു. എന്നാൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഒരിടത്തും വിജയിക്കാനായില്ലെന്നു മാത്രമല്ല വോട്ടിംഗ് ശതമാനത്തിലും കാര്യമായ ഇടിവുണ്ടായി.
മദ്ധ്യപ്രദേശ്, ഛത്തിസ് ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെയാണ് ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് വന്നു തുടങ്ങിയത്.മോദിയെ തോല്പിക്കാൻ കോൺഗ്രസിനേ കഴിയൂ എന്നതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ കോൺഗ്രസിലേക്കടുത്തത് എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ . ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പായതോടെ യു.ഡി.എഫിന്റെ മുന്നേറ്രം എളുപ്പമായി. ശബരിമല വിഷയത്തിന്റെ പേരിൽ ഇടതുമുന്നണിയോട് പിണങ്ങിയ ഭൂരിപക്ഷ സമുദായത്തിലെ നല്ലൊരുവിഭാഗവും കോൺഗ്രസിനെ പിന്തുണച്ചതോടെ ബി.ജെ.പിയുടെ വോട്ടുബാങ്കിലും ചോർച്ച വന്നു.