കൊച്ചി: രാജ്യമാകെ വീശിയടിച്ച നരേന്ദ്ര മോദി തരംഗത്തിന്റെ ആവേശത്തിൽ റെക്കാഡ് ഉയരം താണ്ടി ഇന്ത്യൻ ഓഹരികളുടെ കുതിപ്പ്. ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ഇന്നലെ ചരിത്രത്തിൽ ആദ്യമായി 40,000 പോയിന്റ് കടന്ന് മുന്നേറി. ദേശീയ ഓഹരി സൂചിക (നിഫ്‌റ്രി) ആദ്യമായി 12,000ലും മുത്തമിട്ടു. അതേസമയം, മികച്ച കുതിപ്പിന്റെ പിൻബലത്തിൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, ഉച്ചയ്ക്ക് ശേഷം ഇരു സൂചികകളും നഷ്‌ടത്തിലേക്ക് വീണു.
ഇന്നലെ ഒരുവേള 1,314 പോയിന്റിന്റെ കുതിപ്പുമായി 40,124 വരെയാണ് സെൻസെക്‌സ് മുന്നേറിയത്. നിഫ്‌റ്റി 12,041 വരെയുമെത്തി. ഈസമയം, സെൻസെക്‌സിലെ നിക്ഷേപക മൂല്യത്തിലുണ്ടായ വർദ്ധന 2.87 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 150.69 ലക്ഷം കോടി രൂപയിൽ നിന്ന് 153.56 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. വ്യാപാരാന്ത്യം സെൻസെക്‌സ് 298 പോയിന്റ് നഷ്‌ടവുമായി 38,811ലും നിഫ്‌റ്രി 80 പോയിന്റിടിഞ്ഞ് 11,657ലുമാണുള്ളത്.
ഇൻഡസ് ഇൻഡ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, കോൾ ഇന്ത്യ, യെസ് ബാങ്ക്, പവർ ഗ്രിഡ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.സി.എൽ ടെക്, എൽ ആൻഡ് ടി., കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്‌സിന്റെ കുതിപ്പിനെ നയിച്ചത്. വേദാന്ത, ഐ.ടി.സി., ടാറ്രാ മോട്ടോഴ്‌സ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാൻസ്, സൺഫാർമ, ടാറ്രാ സ്‌റ്റീൽ, ഇൻഫോസിസ്, ടി.സി.എസ് എന്നിവയിൽ കനത്ത ലാഭമെടുപ്പ് ദൃശ്യമായി. വഷളാകുന്ന അമേരിക്ക-ചൈന വ്യാപാരപ്പോര് ഇന്നലെ ആഗോള തലത്തിൽ ഓഹരി വിപണികളെ താഴേക്ക് വീഴ്‌ത്തി. എന്നാൽ, ഇത് ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്നലെ പ്രതിഫലിച്ചതേയില്ല.
സെൻസെക്‌സിന്
ഇനി ലക്ഷ്യം 45,000
സ്ഥിരതയുള്ള സർക്കാർ തുടരണമെന്ന നിക്ഷേപകരുടെ മോഹം സഫലമാക്കി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. വിജയക്കൊടി പാറിച്ചതോടെ, അടുത്തമാസത്തിനകം സെൻസെക്‌സ് 45,000 പോയിന്റുകൾ ഭേദിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിസർവ് ബാങ്ക് അടുത്തമാസം നടക്കുന്ന ധനനയ നിർണയ യോഗത്തിൽ റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് സെൻസെക്‌സിന്റെ കുതിപ്പിന് വേഗം കൂട്ടുമെന്ന് ധനകാര്യ സ്ഥാപനമായ മോർഗൻ ആൻഡ് സ്‌റ്റാൻലി അഭിപ്രായപ്പെട്ടു. നിഫ്‌റ്റി 13,500 പോയിന്റുകളും ജൂണിൽ ഭേദിച്ചേക്കും.
ചരിത്രം ആവർത്തിച്ച്
മോദി പ്രഭാവം
2014ൽ, നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് ജയിച്ചു കയറിയ നാളിൽ സെൻസെക്‌സ് കുതിച്ചത് 1,470 പോയിന്റാണ്. അന്ന്, സെൻസെക്‌സ് 25,000 പോയിന്റുകളും ഭേദിച്ചു. അഞ്ചുവർഷത്തിനിപ്പുറം വിജയത്തിളക്കം മോദി ആവർത്തിച്ച ഇന്നലെ സെൻസെക്‌സ് മുന്നേറിയത് 1,314 പോയിന്റ്. സെൻസെക്‌സ് ആദ്യമായി 40,000 പോയിന്റുകളും ഭേദിച്ചു.
ഗൂഗിൾ പരസ്യം
ബി.ജെ.പിയുടെ കുത്തക
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്റർനെറ്ര് വഴിയുള്ള പരസ്യ കാമ്പയിനുകളിൽ 80 ശതമാനവും കുത്തകയാക്കി വച്ചത് ബി.ജെ.പി. ഫെബ്രുവരിയിൽ ഗൂഗിളിലും യൂട്യൂബിലുമായി 12,002 പരസ്യങ്ങളാണ് ബി.ജെ.പി നൽകിയത്. ആ മാസം ഇരു പ്ളാറ്ര്‌ഫോമുകളിലും നിറഞ്ഞ പരസ്യത്തിന്റെ 80 ശതമാനമാണിത്.
ഗൂഗിൾ പരസ്യത്തിനായി ആകെ 17.11 കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. ഡി.എം.കെ. 4.10 കോടി രൂപയും കോൺഗ്രസ് 2.71 കോടി രൂപയും വൈ.എസ്.ആർ കോൺഗ്രസ് 2.31 കോടി രൂപയും ചെലവഴിച്ചു. 4.3 കോടി രൂപയുടെ 2,649 പരസ്യങ്ങൾ നൽകി ഫേസ്‌ബുക്കിലും മുന്നിട്ടു നിന്നത് ബി.ജെ.പിയാണ്.