വെള്ളിത്തിരയിലെ 'ഗ്ളാമറുമായി' തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സിനിമാ താരങ്ങൾ കാഴ്ചവച്ചത് വാശിയേറിയ പോരാട്ടം. പരിചിത പ്രജ്ഞരായ രാഷ്ട്രീയ നേതാക്കൻമാരെ എതിരിട്ട ബോളിവുഡ് താരങ്ങൾ പലരും അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കി. വിജയം ഉറപ്പിച്ചിരുന്ന ചിലരെ ജനവിധി നിരാശപ്പെടുത്തുകയും ചെയ്തു.
അഭിനേത്രിയായിരുന്ന സുമലത അംബരീഷ് കർണാടകയിലെ മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ (ജനതാദൾ സെക്കുലർ) 67,000 വോട്ടുകൾക്ക് തോല്പിച്ചു. മൂന്നുതവണ കോൺഗ്രസ് എം.പിയും സിനിമാതാരവുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യയാണ് സുമലത.
പഞ്ചാബ് ഗുരുദാസ്‌പൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന് മിന്നുന്ന വിജയമാണ് ജനങ്ങൾ സമ്മാനിച്ചത്. കോൺഗ്രസിന്റെ സുനിൽകുമാർ ജാക്കറിനെ ലക്ഷം വോട്ടുകൾക്ക് തോല്പിച്ചു.
'ഈ തോൽവി എന്റെ കരണത്തേറ്റ അടിയാണ്. പക്ഷേ മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും'- ബാംഗ്ളൂർ സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയം രുചിച്ച പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
വിജയിച്ച താരങ്ങൾ
ഹേമ മാലിനി (യു.പിയിലെ മധുര)
കിരൺ ഖേർ (ചത്തീസ്ഗഢ് ബി.ജെ.പി സ്ഥാനാർത്ഥി)- കോൺഗ്രസിലെ പവൻ ബൻസാലിനെ പരാജയപ്പെടുത്തി
നുസ്രത് ജഹാൻ (ബാസിർഹട്ട്, തൃണമൂൽ കോൺഗ്രസ്)- ബി.ജെ.പിയുടെ സായന്തൻ ബസുവിനെ തോല്പിച്ചു.
മിമി ചക്രബർത്തി (ജാദവ്പുർ, തൃണമൂൽ കോൺഗ്രസ്)- ബി.ജെ.പിയുടെ അനുപം ഹസ്രയെ പരാജയപ്പെടുത്തി.
ഭോജ്പുരി സൂപ്പർ സ്റ്റാർ രവി കിഷൻ (ഗൊരഖ്പൂർ, ബി.ജെ.പി)
തോറ്റവർ
ഊർമിള മതോണ്ഡ്കർ (മഹാരാഷ്ട്ര മുംബയ് നോർത്ത്, കോൺഗ്രസ് സ്ഥാനാർത്ഥി )
പൂനം സിൻഹ (ലക്‌നൗ) - രാജ്നാഥ് സിംഗ് തോല്പിച്ചു
ജയപ്രദ (യു.പി രാംപുർ)- സമാജ്‌വാദി പാർട്ടിയുടെ അസംഖാനോട് പരാജയപ്പെട്ടു.
മൂൻമൂൻ സെൻ (അസൻസോൾ, തൃണമൂൽ കോൺഗ്രസ്)- ബി.ജെ.പിയുടെ ബാബുൽ സുപ്രിയോ പരാജയപ്പെടുത്തി
ശത്രുഘ്നൻ സിൻഹ (പാട്ന, കോൺഗ്രസ്) - ബി.ജെ.പിയുടെ രവിശങ്കർ പ്രസാദ് തോല്പിച്ചു