nk-premachandran

കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ യു.ഡി.എഫ് ടിക്കറ്റിൽ ആർ.എസ്.പിയുടെ എൻ.കെ പ്രേമചന്ദ്രൻ ഭൂരിപക്ഷത്തിന്റെ പുതിയ റെക്കാഡ് കുറിച്ചു. 1,49,772 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രൻ എൽ.ഡി.എഫിന്റെ കെ.എൻ ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. 2014ൽ എം.എ. ബേബിക്കെതിരെ പ്രേമചന്ദ്രൻ നേടിയത് 37,649 വോട്ടിന്റെ ഭൂരിപക്ഷമാണ്. 1977ൽ പ്രേമചന്ദ്രന്റെ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന എൻ.ശ്രീകണ്ഠൻ നായർ നേടിയ 1,13,161 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ പഴങ്കഥയായത്.

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ കൈവശമുള്ള ഏഴ് അസംബ്ളി മണ്ഡലങ്ങളിലും വ്യക്തമായ ലീഡാണ് ഇക്കുറി പ്രേമചന്ദ്രന് ലഭിച്ചത്. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പ്രേമചന്ദ്രന് വ്യക്തമായ മുന്നേറ്റം സൂചിപ്പിച്ചിരുന്നെങ്കിലും ഇത്രയും മൃഗീയ ഭൂരിപക്ഷം ലഭിച്ചത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചു. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ലീഡ് നിലയിൽ മാറ്റമുണ്ടായില്ല. നിയമസഭയിൽപോലും പ്രാതിനിധ്യമില്ലാതിരുന്ന ആർ.എസ്.പിക്ക് പ്രേമചന്ദ്രന്റെ ജയം വലിയ ആശ്വാസമായി.

ഇടത് കോട്ടയായ പുനലൂർ, ചടയമംഗലം മണ്ഡലങ്ങളിൽ പോലും എൽ.ഡി.എഫ് വളരെ പിന്നാക്കം പോയി. കൊല്ലം റെയിൽവെ സ്റ്റേഷനു സമീപം 'മഹേശ്വരി"യിൽ താമസിക്കുന്ന പ്രേമചന്ദ്രന്റെ ഭാര്യ ഡോ.ഗീത കുറിച്ചി ഹോമിയോ കോളേജ് അദ്ധ്യാപികയാണ്. പോർച്ചുഗലിൽ സ്ട്രാറ്റജിക് മാനേജ്മെന്റിൽ ബിരുദാനന്തര വിദ്യാർത്ഥിയായ കാർത്തിക് ഏകമകനാണ്.