jagan

ഹൈദരാബാദ്: ആന്ധ്രയിൽ തുടക്കം മുതലേ ആത്മവിശ്വാസത്തിലായിരുന്നു വൈ.എസ്.ആറും ജഗൻമോഹൻ റെഡ്ഡിയും. ആ ആത്മവിശ്വാസം ഫലംകണ്ടു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെ മലർത്തിയടിച്ച് ജഗന്റെ നേതൃത്വത്തിൽ ആന്ധ്രയിൽ നിയമസഭ രൂപീകൃതമാകും. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 175 സീറ്റുകളിൽ 149 എണ്ണം നേടി ടി.ഡി.പിക്ക് ഓടിയെത്താൻ കഴിയാത്ത ദൂരത്തിലാണ് വൈ.എസ്.ആർ എത്തിനിന്നത്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച ടി.ഡി.പി കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തലസ്ഥാന നഗരിയായി പ്രഖ്യാപിച്ച അമരാവതിയുടെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞതും ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം നിർവഹിക്കാൻ കഴിയാതിരുന്നതുമാണ് ടി.ഡി.പിയെ നിഷ്പ്രഭരാക്കിയത്. എന്നാൽ,​ അതേ നാണയമെറിഞ്ഞാണ് ജഗൻ കളംപിടിച്ചത്. ഭരണ വിരുദ്ധവികാരവും കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളും വൈ.എസ്.ആറിന് തുണയായി. അധികാരത്തിലെത്തിയാൽ അമരാവതിയായിരിക്കും തട്ടകമെന്ന് പാർട്ടി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ജയിച്ചാൽ ജഗൻമോഹന്‍ താമസിക്കാനുള്ള മുഖ്യമന്ത്രി ഭവനം വരെ വൈ.എസ്.ആർ നിർമ്മിച്ചു. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം പണികഴിപ്പിച്ചത്.