1. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഉറപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. രാഹുലിന്റെ തീരുമാനം മുതിര്‍ന്ന നേതാക്കള്‍ അംഗീകരിച്ചില്ലെന്ന് സൂചന. ഒരു തിരഞ്ഞെടുപ്പിലെ തോല്‍വി കണക്കിലെടുത്ത് ഗാന്ധി കുടുംബത്തിലെ ഒരംഗം രാജി വയക്കാന്‍ സന്നദ്ധത അറിയിക്കുന്നത് ഇതാദ്യം. എ.ഐ.സി.സി പ്രവര്‍ത്തക സമിതി ചേരുന്നത് വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുത് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ നിര്‍ദ്ദേശിച്ചതായും സൂചന
2. മോദി പ്രധാനമന്ത്രിയാകണം എന്ന ജനവിധി അംഗീകരിക്കുന്നു എന്ന് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടന്നത്. അതില്‍ മോദി ജയിച്ചു. മോദിയ്ക്ക് എല്ലാ ആശംസകളും നേരുന്നു എന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മുന്നൂറില്‍ അധികം സീറ്റുകളുമായി മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നതിന് പിന്നാലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം
3. അതിനിടെ, രാഹുല്‍ രാജി വയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി രംഗത്ത് എത്തി. അടിസ്ഥാനരഹിതമായ വാര്‍ത്തയെന്ന് എന്ന് എ.ഐ.സി.സി. രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വ്യക്തമായ മറുപടി പറയാനോ നിരസിക്കാനോ രാഹുല്‍ തയ്യാറായില്ല എന്നതും വിചിത്രം
4. ചെങ്കോട്ടകള്‍ തകര്‍ത്ത് കേരളത്തില്‍ യു.ഡി.എഫിന്റെ പടയോട്ടം. 20-ല്‍ 19 ഇടത്തും യു.ഡി.എഫ് വിജയം ഉറപ്പിച്ചത് വ്യക്തമായ ഭൂരിപക്ഷത്തോടെ. വയനാട്ടില്‍ ഭൂരിപക്ഷം നാല് ലക്ഷത്തിലേക്ക് അടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊട്ടുപിന്നില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ശശി തരൂര്‍ 86770 വോട്ടുകള്‍ക്ക് മുന്നില്‍. സിറ്റിംഗ് എം.പി എ. സമ്പത്തിനെ പിന്തള്ളി ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് 39,000 വോട്ടുകള്‍ക്ക് മുന്നില്‍
5. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും ബി.ജെ.പിയുടെ പ്രിസ്റ്റീജ് മണ്ഡലമായ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ആന്റോ ആന്റണിയും. മാവേലിക്കരയില്‍ ആദ്യഘട്ടത്തില്‍ പരാജയം പ്രവചിച്ചിരുന്ന കൊടിക്കുന്നില്‍ സുരേഷ് 59,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് മത്സരം നടന്ന ആലപ്പുഴയില്‍ നേരിയ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫ് ലീഡ് ചെയ്യുന്നു. കോട്ടയത്തും ഇടുക്കിയിലും തോമസ് ചാഴിക്കാടന്‍ ഡീന്‍ കുര്യാക്കോസും ഒരുലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു
6. എറണാകുളത്ത് ഹൈബി ഈഡന്‍ ഒരുലക്ഷം ഭൂരിപക്ഷം കടന്നപ്പോള്‍ ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ ഒരു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം കുറിച്ചു. തൃശൂര്‍ ടി.എന്‍ പ്രതാപന്‍ പിടിച്ചപ്പോള്‍ ആലത്തൂരില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയത് ഒരുലക്ഷത്തില്‍ അധികം ഭൂരിപക്ഷത്തോടെ. സി.പി.എമ്മിന്റെ ഉറച്ചകോട്ടയായ പാലക്കാട് എം.ബി രാജേഷിനെ വെട്ടി വി.കെ ശ്രീകണ്ഠന്‍ മണ്ഡലം പിടിച്ചത് 11,637 വോട്ടിന്റെ ഭൂരിപക്ഷത്തിന്
7. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും വിജയം ഉറപ്പിക്കുന്നു. മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിലെ ചരിത്രത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടി കൊണ്ട് പി.കെ. കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു. വടകരയില്‍ പി. ജയരാജനെ തള്ളി കെ. മുരളീധരന്‍ മുന്നേറുന്നത് 84942ലറെ വോട്ടിന്. കണ്ണൂര്‍ കെ. സുധാകരനും കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും ലീഡ് ചെയ്യുന്നു
8. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വന്‍ തിരിച്ചടി. കേരളത്തിലെ തകര്‍ച്ചയ്ക്ക് പിന്നാലെ ദേശീയതലത്തില്‍ ആകെ അഞ്ച് മണ്ഡലങ്ങളില്‍ മാത്രമാണ് ഇടത് പാര്‍ട്ടികള്‍ക്ക് ലീഡുള്ളത്. വ്യവസായ ശാലകളുള്ള ഇടത് യൂണിയന്‍ പ്രവര്‍ത്തനം സജീവമായ തമിഴ്നാട്ടില്‍ മാത്രമാണ് ഇടതു പക്ഷം ശക്തി തെളിയിച്ചത്. നോട്ട് നിരോധനത്തിന്റോയും ജി.എസ്.ടിയുടെയും ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന തമിഴ്നാടിന്റെ കൊങ്ങു മേഖലയിലും സാന്നിധ്യം അറിയിച്ചില്ല.
9. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന് ഉണ്ടായത് വലിയ വോട്ട് ചോര്‍ച്ച. കര്‍ഷക പ്രസ്ഥാനങ്ങള്‍ സജീവമായ മഹാരാഷ്ട്രയില്‍ അടക്കം പല ഇടങ്ങളിലും സി.പി.എമ്മിന് വ്യക്തമായ സാന്നിധ്യം ആവാന്‍ കഴിഞ്ഞില്ല. തൃപുരയിലും ഇടതു മുന്നണിക്ക് സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞില്ല. രണ്ട് പതിറ്റാണ്ട് നീണ്ട സി.പി.എം ഭരണത്തെ അട്ടിമറിച്ചാണ് ബി.ജെ.പിയുടെ ബിപ്ലവ് ദേബ് കുമാറിന്റെ സര്‍ക്കാര്‍ കഴിഞ്ഞ തവണ ഇവിടെ അധികാരം സ്വന്തമാക്കിയത്.
10. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളെയും മറികടന്ന വിജയവുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിറുത്തി തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എ 340 സീറ്റുകളില്‍ ലീഡു ചെയ്യുക ആണ്. കോണ്‍ഗ്രസ് ഇക്കുറിയും തകര്‍ന്ന് അടിഞ്ഞു. 92 സീറ്റുകളില്‍ മാത്രമാണ് യു.പി.എ ലീഡ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഭേദമാണിത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, ബീഹാര്‍, ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ എന്‍.ഡി.എ തൂത്തുവാരി. ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും എന്‍.ഡി.എ മികച്ച പ്രകടനം നടത്തി.
11. രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആയി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്നാണ് സൂചന. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരോട് ഡല്‍ഹിയില്‍ എത്താനും ബി.ജെ.പി നേതൃത്വം നിര്‍ദ്ദേശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവും മന്ത്രിസഭയിലെ രണ്ടാമന്‍ എന്നും വിവരമുണ്ട്. മോദി ഇന്ന് ആറ് മണിക്ക് മാദ്ധ്യമങ്ങളെ കാണും
12. നരേന്ദ്രമോദി വാരണാസിയിലും അമിത് ഷാ ഗാന്ധി നഗറിലും കൂറ്റന്‍ വിജയം നേടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ 3ലക്ഷത്തില്‍ പരം വോട്ടിന് ലീഡ് ചെയ്യുമ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിക്കും പിന്നില്‍ ആണ്. തെലുങ്കാനയില്‍ ടി.ആര്‍.എസും ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തൂത്തുവാരി. ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയം നേടി. പ്രതിപക്ഷ നേതൃസ്ഥാനം ഇക്കുറിയും കോണ്‍ഗ്രസിന് ലഭിക്കാന്‍ ഇടയില്ല
|
|
|