തിരുവനന്തപുരം: ദേശീയതലത്തിൽ യു.പി.എക്ക് കനത്ത തിരിച്ചടി നേരിട്ട രാഷ്ട്രീയാന്തരീക്ഷത്തിൽ കേരളത്തിലെ യു.ഡി.എഫ് മുന്നേറ്റം കോൺഗ്രസ്സിന് വലിയ ആശ്വാസമായി. ഇരു മുന്നണികളിലായി മത്സരിച്ച ഒൻപത് എം.എൽ.എമാരിൽ യു.ഡി.എഫിന്റെ മൂന്ന് പേരും ഇടതിന്റെ ഒരാളും ജയിച്ചു. കെ. മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ (കോൺഗ്രസ്), എ.എം. ആരിഫ് (സി.പി.എം) എന്നിവരാണ് ജയിച്ചത്.
2014ൽ മലപ്പുറത്ത് ഇ. അഹമ്മദ് നേടിയ 1.94 ലക്ഷമായിരുന്നു സംസ്ഥാനത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇതുവരെയുണ്ടായ ഉയർന്ന ഭൂരിപക്ഷം. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ അഹമ്മദിന്റെ റെക്കോർഡ് തകർത്ത് ലീഡ് 2.60ലക്ഷത്തിലെത്തിച്ചു. മിക്ക മണ്ഡലങ്ങളിലും ഇടതിന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് നില നിലനിറുത്താനുമായില്ല.
യു.ഡി.എഫിന്റെ കുറഞ്ഞ ഭൂരിപക്ഷം പാലക്കാട്ട് ജയിച്ച വി.കെ. ശ്രീകണ്ഠന്റേതാണ്. 11,637. ഇടത് കോട്ടകളായ ആലത്തൂരും കാസർകോടും ആറ്റിങ്ങലും ഇടത് പ്രതീക്ഷ വാനോളമുണ്ടായിരുന്ന പാലക്കാട്ടും ഉണ്ടായ തോൽവി അവർക്ക് കനത്ത ആഘാതമായി. ആലത്തൂരിലെ യു.ഡി.എഫ് ഭൂരിപക്ഷം ഒന്നര ലക്ഷത്തിലധികമായത് സി.പി.എമ്മിന് മുഖത്തേറ്റ അടിയാണ്. സി.പി.എം അഭിമാന മത്സരമായി കണ്ട വടകരയിലും കൊല്ലത്തും യു. ഡി. എഫ് ആധികാരിക വിജയങ്ങളാണ് നേടിയത്. വടകരയിൽ സി.പി.എമ്മിന്റെ പി. ജയരാജനെ 85,000ൽപ്പരം വോട്ടുകൾക്കാണ് കെ. മുരളീധരൻ പരാജയപ്പെടുത്തിയത്. കൊല്ലത്ത് പ്രേമചന്ദ്രന്റെ ലീഡ് ഒന്നര ലക്ഷത്തിനടുത്തായി.
ബി.ജെ.പി ഏറെ പ്രതീക്ഷ വച്ച തിരുവനന്തപുരത്ത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രമാണ് കുമ്മനം രാജശേഖരൻ ലീഡ് ചെയ്തത്. വൈകാതെ അത് മറികടന്ന ശശി തരൂർ പിന്നീടൊരിക്കലും പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല, ലക്ഷത്തിലധികം ഭൂരിപക്ഷം നേടുകയും ചെയ്‌തു. കുമ്മനം രണ്ടാമതായപ്പോൾ സി.പി.ഐയിലെ സി. ദിവാകരൻ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ശബരിമലവിഷയം ഏറ്റവുമധികം ചർച്ചയായ പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ഒരിക്കലേ മുന്നിലെത്തിയുള്ളൂ. അന്തിമ ഫലത്തിൽ സുരേന്ദ്രൻ മൂന്നാമതായി.